ഭൂമികുലുക്കം പോലെ തോന്നി, വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വലിയ ഒരു ആന മുറ്റത്തെ പ്ലാവ് കുലുക്കിക്കൊണ്ടിരിക്കുന്നു മോളെയും നെഞ്ചോട് ചേര്‍ത്ത് ശ്വാസമടക്കിയിരുന്നു

കല്‍പ്പറ്റ: രാത്രി ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടതോടെയാണ് ഷൈനി വാതില്‍ തുറന്ന് നോക്കിയത്. കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. മുറ്റത്തു നിന്നിരുന്ന പ്ലാവ് ഒരു വലിയ ആന കുലുക്കിക്കൊണ്ടിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ മകളെയും ചേര്‍ത്ത് പിടിച്ച് ശ്വാസം പോലും വിടാതെ വീടിനുള്ളില്‍ ഇരുന്നുവെന്ന് പറയുമ്പോള്‍ ഷൈനിക്ക് ഇപ്പോഴും ഉള്ളില്‍ ഭയം നിറയുന്നു.

വിവരമറിഞ്ഞ് അയല്‍ക്കാര്‍ ശബ്ദമുണ്ടാക്കി വന്നപ്പോഴാണ് ആന തിരികെ കാട്ടിലേക്കു കയറിപ്പോയത്. വയനാട് പൂതാടി പഞ്ചായത്തിലെ നാലാം വാര്‍ഡ് ചീയമ്പം പള്ളിപ്പടിയിലെ ചെട്ടിയാംകുന്നേല്‍ ഷൈനിയാണ് ആനയെ കണ്ട് ഭയന്നത്. ഒരു വലിയ ഒറ്റയാനായിരുന്നുവെന്നും അത് അപകടകാരിയായിരുന്നുവെന്നും ഇന്നലെ അയല്‍വാസികള്‍ പറഞ്ഞപ്പോഴാണ് മനസിലായതെന്ന് ഷൈനി പറയുന്നു.

രാത്രിയില്‍ മുറ്റത്തുനിന്നും ശബ്ദം കേട്ടപ്പോഴാണ് ഷൈനി വാതില്‍ തുറന്നത്. ചെറിയ പേടിയോടെ വാതില്‍ തുറന്ന ഷൈനി ആനയെക്കണ്ട് ശരിക്കും ഭയന്നു. മുറ്റത്തെ പ്ലാവ് ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു ആന. സംഭവസമയത്ത് ഷൈനിയും 10 വയസ്സുള്ള മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഷൈനി ശബ്ദമുണ്ടാക്കാതെ വാതില്‍ അടച്ചു. ശേഷം വിവരം അയല്‍ക്കാരെ ഫോണിലൂടെ വിളിച്ചറിയിച്ചു. അവര്‍ ശബ്ദമുണ്ടാക്കി വന്നപ്പോള്‍ ആന തിരികെ കാട്ടിലേക്കു കയറിപ്പോയി. വലിയ ഉപദ്രവങ്ങളൊന്നുമുണ്ടാക്കാതെയാണ് ആന കാട്ടിലേക്ക് കയറിപ്പോയതെങ്കിലും വീട്ടിലെ മതിലും മുറ്റവും പച്ചക്കറി കൃഷിയുമെല്ലാം ആന തകര്‍ത്തു.

ആന അവശേഷിച്ചിപ്പിച്ച കാല്‍പ്പാടുകള്‍ ഷൈനിയുടെ വീട്ടുമുറ്റത്ത് കാണാം. മണ്ണിടിഞ്ഞുപോയതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് 20,000 രൂപ മുടക്കി കെട്ടിയെടുത്ത തിട്ട ആന ചവിട്ടിയതിനെത്തുടര്‍ന്ന് വീണ്ടും ഇടിഞ്ഞ അവസ്ഥയിലാണ്. കൈയില്‍ കിടന്ന വള പണയം വച്ചാണ് താന്‍ ഇടിഞ്ഞുപോയ തിട്ട കെട്ടാനുള്ള പണം കണ്ടെത്തിയതെന്നും ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ മനസ് നീറുകയാണെന്നും ഷൈനി പറയുന്നു.

ഇനിയും ആന വന്നേക്കാമെന്ന പേടിയുള്ളതിനാല്‍ മോളെ ബന്ധുവീട്ടിലാക്കിയിരിക്കുകയാണ്. പകല്‍ ഒരു തുണിക്കടയില്‍ ജോലിക്കുപോകുന്നുണ്ട്. അവിടുന്നുള്ള 250 രൂപയാണ് വരുമാന മാര്‍ഗം. ഭര്‍ത്താവ് ഷിബു ടാപ്പിങ് തൊഴിലാളിയാണ്. അഞ്ചു മാസമായി മംഗലാപുരത്താണ്. കോവിഡ്19 ലോക് ഡൗണ്‍ കാരണം ഇവിടേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഷൈനി പറയുന്നു.

Exit mobile version