കുഞ്ഞുങ്ങളുടെ നഗ്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കുമായി മാത്രം വാട്‌സ്ആപ്പ് ഗ്രൂപ്പ്; യൂണിസെഫ് ഇടപെടലിൽ മലപ്പുറത്ത് അഡ്മിനടക്കം മൂന്ന് അറസ്റ്റ്; കേരളത്തിലും പുറത്തുമായി 300പേർ നിരീക്ഷണത്തിൽ

എടപ്പാൾ: വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിൽ മലപ്പുറം ജില്ലയിൽ 30ലേറെ പേരെ പോലീസ് തിരിച്ചറിഞ്ഞു. ഗ്രൂപ്പ് അഡ്മിനടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തതിന് പിറകേ ജില്ലയിലെ വിവിധ പോലീസ്‌സ്റ്റേഷൻ പരിധികളിൽ നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പംഗങ്ങളായ ഇത്രയും പേരെ തിരിച്ചറിഞ്ഞത്.

നിരീക്ഷണത്തിലുള്ളവർ കുറ്റിപ്പുറം, കൽപകഞ്ചേരി, വാഴക്കാട്, മഞ്ചേരി, എടവണ്ണ, അരീക്കോട്, വേങ്ങര, നിലമ്പൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിലുള്ളവരാണ്. 22 മുതൽ 45 വരെ പ്രായമുള്ളവരാണ് ഗ്രൂപ്പിലുള്ളവർ.

കൃത്യമായി അറിയുന്നവരും ഇത്തരം വീഡിയോകൾ കാണാൻ താത്പര്യമുള്ളവരുമായവരെ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കാവൂ എന്നതടക്കമുള്ള കർശനനിയമങ്ങൾ പാലിച്ചായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത് എന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മലപ്പുറം സൈബർ സെൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

ജില്ലയിലും കേരളത്തിലെ തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തുടങ്ങി മറ്റു ജില്ലകളിലും വിദേശ രാജ്യങ്ങളിലുമായി 300ഓളം പേരെ കേസിൽ പിടികൂടാനുണ്ടെന്നും ഉദ്യോസ്ഥർ പറഞ്ഞു. ഇത്തരത്തിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യൂണിസെഫ് വിഭാഗം ഇന്റർപോൾ മുഖേന കേരള പോലീസിനെ അറിയിച്ചതിനെത്തുടർന്നാണ് ഈ വൻ ശൃംഖല നിയമത്തിന്റെ വലയിലകപ്പെട്ടത്.

Exit mobile version