തങ്ങളുടെ ക്ഷേത്രത്തില്‍ രാഹുല്‍ ഈശ്വറിന് എന്താണ് കാര്യം? ക്ഷേത്രം തട്ടിയെടുത്ത തന്ത്രി കുടുംബം തങ്ങളുടെ അവകാശങ്ങളെ കുറിച്ച് പറയേണ്ട; ചുട്ടമറുപടിയുമായി മലയരയ മഹാസഭ

തങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്താണ് കാര്യമെന്നും തങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ തീരുമാനിച്ച് തരേണ്ടെന്നും പികെ സജീവ്.

പത്തനംതിട്ട: മലയരയ വിഭാഗത്തിന് ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരിച്ചുകൊടുക്കണമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വറിനെതിരെ ഐക്യ മലയരയ മഹാസഭ നേതാവ് പികെ സജീവ്. തങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്താണ് കാര്യമെന്നും തങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ തീരുമാനിച്ച് തരേണ്ടെന്നും പികെ സജീവ് പറഞ്ഞു.

മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലയരയരടക്കമുള്ള ദ്രാവിഡ ജനത. അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്നും സജീവ് പറഞ്ഞു.

മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് കൊടുക്കണമെന്നും ശബരിമലയില്‍ കൂടുതല്‍ അവകാശങ്ങളുണ്ടെന്ന് പറഞ്ഞ് സിപിഎം മലയരയ വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു അയ്യപ്പ ധര്‍മ്മസേന ദേശീയ പ്രസിഡന്റ് കൂടിയായ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്. ഇതിനോടാണ് സജീവ് ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

അയ്യപ്പന്‍ മലയരനായിരുന്നുവെന്നും അയ്യപ്പന്റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നുമാണ് മലയരയ സമുദായം പറയുന്നത്. അവകാശം സ്ഥാപിച്ചുകിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും സജീവമടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

സജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാഹുല്‍ ഈശ്വരന്റെ പ്രസ്താവന കണ്ടു. മകരവിളക്ക് ഇനി മുതല്‍ മല അരയര്‍ക്കു നല്‍കണമെന്നും മറ്റവകാശങ്ങള്‍ പറഞ്ഞ് മല അരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും. എനിക്കു പറയാനുള്ളത് ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്.ഞങ്ങടെ പൂര്‍വികരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്കെന്തു കാര്യം.ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തെന്നു തീരുമാനിക്കണ്ട. മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത. അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും.വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കണ്ട…. പ്ലീസ്.

Exit mobile version