42 ദിവസം ചികിത്സയില്‍ കഴിഞ്ഞിട്ടും കൊറോണ രോഗ മുക്തയാവാതെ വീട്ടമ്മ, ദീര്‍ഘനാളായി ചികിത്സ തുടരുന്ന സംസ്ഥാനത്തെ ആദ്യകേസ് പത്തനംതിട്ടയില്‍, സാംപിള്‍ പരിശോധനക്കയച്ചത് 19 തവണ

പത്തനംതിട്ട: കൊറോണ ബാധിച്ച് 42 ദിവസം ചികിത്സയില്‍ കഴിഞ്ഞിട്ടും രോഗമുക്തയാവാതെ വീട്ടമ്മ. വടശ്ശേരിക്കര ജണ്ടായിക്കല്‍ സ്വദേശിയായ 62-കാരിയുടെ സാംപിള്‍ പരിശോധനാഫലമാണ് ഇപ്പോഴും പോസിറ്റീവായത്. 19 തവണയാണ് സാംപിള്‍ പരിശോധനക്കയച്ചത്. ഇവര്‍ നിലവില്‍ കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ദീര്‍ഘനാളായി ചികിത്സ തുടരുന്ന സംസ്ഥാനത്തെ ആദ്യകേസാണിത്. ഇറ്റലിയില്‍നിന്നെത്തിയ റാന്നിസ്വദേശികളുടെ കുടുംബവുമായി രണ്ടുദിവസം അടുത്തിടപഴകിയതിനാലാണ് വീട്ടമ്മയ്ക്ക് രോഗംബാധിച്ചത്. ഇവരുടെ മകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ ആദ്യവാരത്തില്‍ മകളുടെ പരിശോധനാഫലം നെഗറ്റീവായി.

മകള്‍ ആശുപത്രി വിട്ടിട്ടും അമ്മ രോഗ ഭേദമാകാതെ ആശുപത്രിയില്‍ തുടരുകയാണ്. ഇവര്‍ക്ക് കഴിഞ്ഞയാഴ്ച എവര്‍മെക്റ്റിന്‍ മരുന്ന് നല്കിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലും 62കാരിയുടെ ഫലം പോസിറ്റീവ് തന്നെയാണ്. ഇതിനാല്‍, തുടര്‍ചികിത്സയ്ക്ക് ഉപയോഗിക്കേണ്ട മരുന്നുകളെക്കുറിച്ച് ആലോചിക്കാന്‍ മെഡിക്കല്‍ബോര്‍ഡ് വീണ്ടും ചേരും.

അതേസമയം വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ശരീരത്തില്‍ ചില ഭാഗങ്ങളില്‍ വൈറസിന്റെ നേരിയ സാന്നിധ്യം നിലനില്‍ക്കുന്നതുകൊണ്ടും ഇത്തരം കേസുകളുണ്ടാകാറുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമികരോഗവിഭാഗം മേധാവി ഡോ. ആര്‍. സജിത് കുമാര്‍ പറഞ്ഞു.

വീട്ടമ്മയുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ലെങ്കിലും വീട്ടമ്മയില്‍നിന്ന് രോഗംപകരാനുളള സാധ്യത വളരെ കുറവാണെന്ന് ദേശീയ ആരോഗ്യദൗത്യം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എബി സൂഷന്‍ വ്യക്തമാക്കി. 67 ദിവസങ്ങള്‍ക്കുശേഷം രോഗംഭേദമായ കേസുകള്‍ വിദേശത്തുണ്ടായിട്ടുണ്ടെന്നും അതിനാല്‍ പേടിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Exit mobile version