പോലീസ് ഓട്ടോ കടത്തിവിട്ടില്ല; പൊരിവെയിലിലൂടെ രോഗിയായ അച്ഛനെയും ചുമന്ന് മകന്‍ നടന്നു

പുനലൂര്‍: ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴി പോലീസ് ഓട്ടോറിക്ഷ തടഞ്ഞതിനാല്‍ രോഗിയായ അച്ഛനെയും ചുമന്ന് മകന്‍ നടന്നത് 200 മീറ്റോളം. പുനലൂരില്‍ ബുധനാഴ്ച പന്ത്രണ്ടരയോടെയാണു സംഭവം.ഓട്ടോറിക്ഷ ഡ്രൈവറായ റോയിമോനാണ് അസുഖബാധിതനായ അച്ഛന്‍ ജോര്‍ജിനെയും ചുമന്ന് പൊരിവെയിലിലൂടെ നടന്നത്.

മൂത്രാശയ അണുബാധ ഉള്‍പ്പെടെയുള്ള അസുഖങ്ങളുമായി ഞായറാഴ്ചയാണ് ജോര്‍ജിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ജോര്‍ജിനൊപ്പം ഭാര്യയാണ് നിന്നത്. ബുധനാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്ത അച്ഛനെ വീട്ടിലേക്കു കൊണ്ടുപോകാന്‍ റോയിമോന്‍ ഓട്ടോറിക്ഷയുമായി പുനലൂരിലേക്കുവന്നു.

എന്നാല്‍ ടിബി ജങ്ഷനില്‍ വെച്ച് പോലീസ് ഓട്ടോ തടഞ്ഞു. സത്യവാങ്മൂലം കാണിച്ചിട്ടും വിവരം പറഞ്ഞിട്ടും പോലീസ് വാഹനം കടത്തിവിട്ടില്ലെന്ന് റോയിമോന്‍ പറയുന്നു. തുടര്‍ന്ന് ഓട്ടോ റോഡരികില്‍ വെച്ച് റോയിമോന്‍ അരക്കിലോമീറ്ററുകളോളം നടന്നാണ് ആശുപത്രിലേക്ക് പോയത്.

ആശുപത്രി സൂപ്രണ്ടില്‍നിന്ന് കത്തുവാങ്ങി മറ്റൊരു ഓട്ടോയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ടിബി. ജങ്ഷനിലേക്കുപോയി. എന്നാല്‍, വഴിയില്‍ പോലീസിനെക്കണ്ട ഓട്ടോ ഡ്രൈവര്‍ യാത്രതുടരാന്‍ വിമുഖതകാട്ടി. തുടര്‍ന്നാണ് റോയിമോന്‍ അച്ഛനെയും തോളിലേറ്റി നടന്നത്.

എന്നാല്‍ സംഭവം തികച്ചും വാസ്തവവിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. രോഗിയെ കൊണ്ടുപോകാന്‍വന്ന ഓട്ടോ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും പട്ടണത്തില്‍ തിരക്ക് അനുഭവപ്പെട്ടതിനാല്‍ വാഹനങ്ങള്‍ പതിവുപോലെ പരിശോധിക്കുക മാത്രമേ ചെയ്തുള്ളൂ, മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version