‘ഇന്നെന്റെ പിറന്നാളാണ്, അച്ഛനും അമ്മയും എപ്പോ വരും’, കാത്തിരുന്ന് പത്തുവയസുകാരൻ; മരത്തിൽതൂങ്ങിയ നിലയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൃതദേഹം; വാനിന്റെ മുന്നിൽച്ചാടി ഭാര്യ

കൊല്ലം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. പുനലൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്. മകന്റെ പിറന്നാള്‍ തലേന്നായിരുന്നു ഇരുവരും ദാരുണമായ മരണം തിരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം രാത്രിയോടെ ആവണീശ്വരത്തു വാനിനുമുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകാതെ മരണം സംഭവിച്ചു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിളക്കുടി സർക്കാർ എൽപി സ്‌കൂളിലെ നാലാംക്ലാസുകാരൻ അക്ഷയിന്റെ മാതാപിതാക്കളാണ് ഇരുവരും. അവന്റെ പത്താംപിറന്നാളായിരുന്നു വെള്ളിയാഴ്ച. കേക്കുമായി വന്ന് പിറന്നാൾ ആഘോഷിക്കാമെന്ന് ഉറപ്പുനൽകിയ അച്ഛനെയും അമ്മയെയും കാത്തിരുന്ന അക്ഷയ്‌യെ തേടിയെത്തിയത് ദുരന്തവാർത്തയായിരുന്നു. കുട്ടിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും കൂടിയവരും കുഴങ്ങി.

വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. സാമ്പത്തികമായ ഞെരുക്കം മറികടക്കാന്‍ മൈക്രോ ഫിനാന്‍സ് യൂണിറ്റുകളില്‍ നിന്നും പലിശക്കാരില്‍നിന്നും ഇവര്‍ വായ്പയെടുത്തതായും പറയുന്നു. സംഭവദിവസവും മൈക്രോഫിനാന്‍സ് വായ്പയുടെ തിരിച്ചടവിനായി തുക സ്വരൂപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചന.

ALSO READ- 777 കോടി ചെലവ്: രണ്ട് വർഷ൦ മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രഗതി മെെതാൻ ഉപയോഗശൂന്യ൦

കഴിഞ്ഞ ദിവസം പത്തനാപുരം വിളക്കുടി മേലില പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ആയിരവില്ലിപ്പാറയിലെത്തിയ ഇരുവരും ഒരുമിച്ചു ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. രാജി ആവണീശ്വരത്തെത്തി വാനിനു മുന്നില്‍ ചാടുകയായിരുന്നു. പരുക്കേറ്റ നിലയില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഇതിനിടെ ഭര്‍ത്താവ് വിജേഷിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വൈകീട്ട് വിജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version