‘ചെന്നിത്തലയുടെ ഇമെയില്‍,ഫേസ്ബുക്ക് ഡാറ്റകള്‍ ശേഖരിക്കപ്പെടുന്നത് അതാതു കമ്പനികളുടെ സെര്‍വറുകളിലാണ്, അല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലെ മിനുട്‌സ് ബുക്കിലല്ല’; ചെന്നിത്തലയെ പരിഹസിച്ച് പിവി അന്‍വര്‍

തൃശ്ശൂര്‍: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ. കോര്‍പ്പറേറ്റ് 360 എന്ന ഐ.ടി.സ്ഥാപനത്തിന്റെ സ്ഥാപകനും നിലവില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണു വരുണ്‍ ചന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ചെന്നിത്തലയെ വിമര്‍ശിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

‘വിഡ്ഢിത്തം വിളിച്ചു പറയുന്ന ചെന്നിത്തലയുടെ ഇമെയില്‍,ഫേസ്ബുക്,വാട്‌സ്ആപ് ഡാറ്റകള്‍ പോലും ശേഖരിക്കപ്പെടുന്നത് അതാതു കമ്പനികളുടെ സെര്‍വറുകളിലാണ്,കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലെ മിനുട്‌സ് ബുക്കിലല്ല.പ്രതിപക്ഷ നേതാക്കള്‍ യുക്തിയുടെയും ചിന്തയുടെയും പുരോഗമനത്തിന്റെയും ഭാഷയില്‍ സംവദിക്കുന്നതാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.’
#സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായി യുവ ഐ.ടി സംരംഭകനായ വരുണ്‍ ചന്ദ്രന്‍ എഴുതിയ പോസ്റ്റിലെ വരികളാണിത്.

കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച്,ഇന്ന് അഞ്ച് രാജ്യങ്ങളിലേക്ക് വളര്‍ന്നിരിക്കുന്ന കോര്‍പ്പറേറ്റ് 360 എന്ന ഐ.ടി.സ്ഥാപനത്തിന്റെ സ്ഥാപകനും നിലവില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണു വരുണ്‍ ചന്ദ്രന്‍.പതിനഞ്ച് വര്‍ഷമായി ഡേറ്റ മാനേജ്‌മെന്റ് ആന്‍ഡ് അനാലിസിസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണിദ്ദേഹം.കോണ്‍ഗ്രസ് സൈബര്‍ സ്‌പേസുകളിലെ വെട്ടുകിളിക്കൂട്ടം പറയുന്നതല്ല യാഥാര്‍ത്ഥ്യം.

#Post_Link:

#പോസ്റ്റിന്റെ_പൂര്‍ണ്ണരൂപം:

ശ്രീ രമേശ് ചെന്നിത്തലയോട്: To Ramesh Chennithala.
സ്പ്രിംഗ്ലര്‍ വിഷയം രാഷ്ട്രീയ അനുഭാവം മാത്രം അടിസ്ഥാനമാക്കി അവലോകനം ചെയ്ത് വലിയ ചര്‍ച്ചാ വിഷയമാക്കുന്നു എന്നുള്ളതാണ് വസ്തുത. സര്‍ക്കാര്‍ ഡാറ്റാ വിറ്റ് കാശാക്കി എന്നൊക്കെ വിളിച്ചു പറയുന്നത് അബദ്ധമാണ്. പെട്ടെന്ന് കിട്ടാവുന്ന ഒരു സൗകര്യം ഉപയോഗിച്ചു എന്നതാണ് വാസ്തവം. സര്‍ക്കാരിന്റെ വിവിധ ഐ ടി ടീമുകളിലെ ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ ഡാറ്റാ സെന്ററുപയോഗിച്ച് ഇപ്രകാരമൊരു SaaS സോഫ്‌ട്വെയര്‍ സംവിധാനം തുച്ഛമായ വിലയ്ക്ക് തയാറാക്കാം എന്നൊക്കെ പറയുന്നത് തെറ്റിദ്ധാരണ മൂലമാണ്. മിടുക്കരായ ഐ ടി എന്‍ജിനീയര്‍മാര്‍ ഉണ്ടെങ്കില്‍ പോലും ഇങ്ങനെയൊരു ഡാറ്റാ കളക്ഷന്‍ & അനാലിസിസ് ആപ്പ്‌ളിക്കേഷന്‍ തയ്യാറാക്കാന്‍ മാസങ്ങളെടുക്കും.

സ്പ്രിംഗ്ലര്‍ സിറ്റിസണ്‍ എക്‌സ്പീരിയന്‍സ് മാനേജ്‌മെന്റ് സോഫ്‌ട്വെയര്‍ കേരളത്തിലെ സമാനമായ use-case നായി WHO നേരത്തെ മുതല്‍ ഉപയാഗിക്കുന്നതാണ്. സര്‍ക്കാര്‍ വെറും ഒരു ഫോമിലൂടെ ഡാറ്റ കളക്റ്റ് ചെയത് അടുത്ത തിരഞ്ഞെടുപ്പിനായി ഉപയോഗിക്കാനാണ് സംഗതി എന്നത് തെറ്റിദ്ധാരണയാണ്, അറിവില്ലായ്മയാണ്. ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് വ്യത്യസ്ത സന്ദര്‍ഭങ്ങളെ അനുമാനിച്ച് ഡാറ്റ മോഡലിംഗ് നടത്തി മികച്ച തീരുമാനങ്ങള്‍ മുന്‍കൂറായി കൈകൊള്ളാനുള്ള (preventive steps) നിര്‍ദേശങ്ങള്‍ സാധ്യമാകും. മെഷീന്‍ ലേര്‍ണിംഗ് സംവിധാനമുപയോഗിച്ച് വിവിധ മാതൃകകള്‍ (patterns) മനസിലാക്കാം. വളരെ detailed ആയ ഡാഷ്‌ബോര്‍ഡുകളും, വിവിധ സന്ദര്‍ഭങ്ങളെ തരം തിരിച്ചുള്ള അനാലിസിസും സാധ്യമാകും. വിവിധ രോഗികളുടെ രോഗ വിവരങ്ങള്‍ അനുസരിച്ച് എപ്രകാരമുള്ള തയ്യാറെടുപ്പുകള്‍ ഏതെല്ലാം മേഖലകളില്‍ വേണമെന്ന തീരുമാനം മുന്‍കൂറായി കൈക്കൊള്ളാന്‍ സാധിക്കുന്നു. ആശൂപത്രികളുടെ സൗകര്യം, മരുന്നുകളുടെ സ്റ്റോക്ക്, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഇവയൊക്കെ കാലേകൂട്ടി തയ്യാറാക്കി നിര്‍ത്താന്‍ സാധിക്കുന്നു.

കേരള സര്‍ക്കാര്‍ ശേഖരിക്കുന്ന കോവിഡ്19 ആയി ബന്ധപ്പെട്ട നിര്‌ദ്ദോഷമായ വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യും / മറിച്ചു വില്‍ക്കും / ഭാവിയില്‍ ദൂരവ്യാപകമായ അപകടങ്ങള്‍ വിളിച്ചു വരുത്തും / സെന്‍സിറ്റീവായ, ഒരുപാട് മൂല്യമുള്ള ഡാറ്റ ഇങ്ങനെ ഉപയോഗിക്കുന്നത് സുരക്ഷ ഭീക്ഷണി തന്നെയാണ് എന്നൊക്കെയുള്ള പ്രവചനങ്ങള്‍ കേട്ടാല്‍ ഓര്‍മ്മ വരിക ‘ലോകം അവസാനിക്കും’ എന്നൊക്കെ ചില ആള്‍ദൈവങ്ങള്‍ തള്ളി വിടുന്നതാണ്. ഈ ഡാറ്റകള്‍ ഉപയോഗിച്ച് വിവിധ predictive അനലിറ്റിക്‌സ് മോഡലിംഗ് നടത്തി മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് സഹായകമാവും. സാധാരണക്കാരെ സംബന്ധിച്ച് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന ഒരു സുരക്ഷാ ഭീഷണിയും ഇല്ലാ എന്നതാണ്. ചില ബുദ്ധിജീവികള്‍ വലിയ പ്രവചനങ്ങളുമായി ‘possibilities’ വിശകലനം ചെയ്യുന്നുണ്ട്. വീടിനു പുറത്തേക്കിറങ്ങുമ്പോള്‍ കാലു തെറ്റി വീഴാനുള്ള സാധ്യതകള്‍ പോലെ എന്തും എപ്പോ വേണമെങ്കിലും സംഭവിച്ചേക്കാം എന്നുള്ള ‘possibilities’ അവതരിപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയ പഴിചാരലുകള്‍ മാത്രമാണത്. ഡിജിറ്റല്‍ ടെക്‌നോളജി സംവിധാനങ്ങള്‍ 100% പൂര്‍ണമല്ല, വളരെ വേഗം പുതിയ സാങ്കേതികവിദ്യകള്‍ കണ്ടുപിടിക്കപ്പെടുന്നു എന്നുള്ളതിനാല്‍ കമ്പനികളുടെ പോളിസികള്‍ അവരെ protect ചെയ്‌തേ തയാറാക്കാറുള്ളൂ.

ഫെസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും നമ്മള്‍ പോസ്റ്റുകള്‍ ഇടുമ്പോള്‍, ഒരു ഇമെയില്‍ അക്കൗണ്ട് നാം ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ വിവരങ്ങളാണ് നാം ഷെയര്‍ ചെയ്യുന്നത് എന്നാലോചിക്കുക. ആ ഡാറ്റകളൊക്കെ അതാത് കമ്പനികളുടെ (example: ഫേസ്ബുക്, ഗൂഗിള്‍) സെര്‍വറുകളിലാണ് ശേഖരിക്കപ്പെടുന്നത്. നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ നല്‍കുന്ന വ്യക്തി വിവരങ്ങളും, ഫോണ്‍ നമ്പറും ഉള്‍പ്പടെ. ഇനി നാം ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നു എന്നിരിക്കട്ടെ. നാം നല്‍കുന്ന വിവരങ്ങളൊക്കെ ബാങ്കിന്റെ സെര്‍വറുകളിലാണ് ശേഖരിക്കപ്പെടുന്നത്. ഇങ്ങനെ നാം നല്‍കുന്ന വ്യക്തിഗത ഡാറ്റകളൊക്കെ എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി സംവിധാനങ്ങളാല്‍ സംരക്ഷിക്കപ്പെട്ടതാണെന്ന് ആ കമ്പനികള്‍ ഉറപ്പു നല്‍കുന്നു, നാമത് വിശ്വസിക്കുന്നു.

ഗൂഗിളില്‍ ഒരു സെര്‍ച്ച് ചെയ്യുമ്പോള്‍ നാം സെര്‍ച്ച് ചെയ്ത കാര്യങ്ങള്‍ അവരുടെ സെര്‍വര്‍ മനസിലാക്കി അതിനോടനുബന്ധമായ പരസ്യങ്ങള്‍ നിര്‍മിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് നമ്മുടെ വെബ് വാളില്‍ അവര്‍ പരസ്യങ്ങള്‍ നല്‍കുന്നു. ഇതില്‍ നിന്നെല്ലാം നാം മനസിലാക്കേണ്ടത് നമ്മുടെ ഓണ്‍ലൈന്‍ പ്രവര്ത്തനരീതികളെല്ലാം തന്നെ നാം ഉപയോഗിക്കുന്ന കമ്പനികളുടെ സെര്‍വറില്‍ രേഖപ്പെടുത്തുന്നു എന്നതാണ്. നമ്മുടെ ഫോട്ടോ (Facial Recognition), ധരിക്കുന്ന വസ്ത്രങ്ങള്‍ മാച്ച് ചെയ്ത് മനസിലാക്കാനുള്ള കഴിവ് നിര്‍മിത ബുദ്ധിക്ക് ഉണ്ട് എന്നതും മനസിലാക്കുക. ഇവിടെ പ്രധാനപെട്ട സംഗതി ഈ ഡാറ്റകള്‍ എല്ലാം സുരക്ഷിതമാണെന്ന് നമുക്ക് ഉറപ്പു തരുന്നത് ഈ കമ്പനികളാണ്, അവരുടെ സാങ്കേതിക സംവിധാനങ്ങളാണ്. ഇപ്രകാരമുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉപയോഗം നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായി മാറിക്കഴിഞ്ഞു.

അടിയന്തിരമായ ഇത്തരം മിഷന്‍ ക്രിറ്റിക്കല്‍ സന്ദര്‍ഭങ്ങളില്‍ കമ്പനികളെ തിരഞ്ഞു പിടിച്ച്, ബിഡ്ഡിങ് നടത്തി, വിലയിരുത്തി തിരഞ്ഞെടുക്കാനുള്ള സമയമൊന്നും ലഭിക്കില്ല. മൂല്യനിര്‍ണയങ്ങളൊക്കെ നേരത്തെ നടത്തി നിലവില്‍ സര്‍ക്കാരിന്റെ അപ്പ്രൂവ്ഡ് വെണ്ടര്‍ ലിസ്റ്റില്‍ സ്ഥാനം നേടിയിട്ടുള്ള കമ്പനിയെ തിരഞ്ഞെടുക്കുക എന്നതാണ് ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ അവലംബിക്കുന്ന രീതി എന്നാണ് മനസിലാവുന്നത്. പുതിയ ഒരു സൊല്യൂഷന്‍ സര്‍ക്കാരിന്റെ ഐ ടി ടീമിനെ ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുക എന്നതും ഇങ്ങനെയൊരു സമയബന്ധിത സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവിധ ഐ ടി കമ്പനികളുടെ സൊല്യൂഷന്‍സ് ഉപയോഗിക്കുന്നുണ്ട്. ഐ ടി കമ്പനികളുടെ ഒരു പ്രധാന കസ്റ്റമര്‍ വിഭാഗം തന്നെ പബ്ലിക് സെക്റ്റര്‍ (ഗവണ്‍മെന്റ്) സ്ഥാപനങ്ങളാണ്. SAP, Oracle, Microosft, Dell, IBM, Apple തുടങ്ങിയ വമ്പന്മാരുടെയൊക്കെ പ്രൊഡക്ടുകള്‍ ലോകരാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പബ്ലിക് സെക്റ്റര്‍ (ഗവണ്‍മെന്റ്) മേഖലയിലെ വിവിധ use-case പ്രതിപാദിച്ച് തങ്ങളുടെ പ്രൊഡക്ടുകള്‍ എങ്ങിനെ സഹായിക്കും എന്നുള്ള ‘case study’ ഐ ടി കമ്പനികള്‍ മാര്‍ക്കറ്റിങ്ങിനായും, മറ്റു സര്‍ക്കാരുകളുടെ ബോധവല്‍ക്കരണത്തിനായും പുറത്തിറക്കാറുണ്ട്. അതൊക്കെ വളരെ സ്വാഭാവികമായ കാര്യമാണ്. കേരള സര്‍ക്കാര്‍ ഐ ടി കമ്പനികളുടെ സൊല്യൂഷന്‍സ് വാങ്ങാന്‍ പാടില്ല, ഐ ടി കമ്പനികള്‍ കേരള സര്‍ക്കാരിന് നല്‍കിയ പ്രൊഡക്ടുകളുടെ ‘case study’ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന വാദമൊന്നും നിലനില്‍ക്കില്ല.

വിഡ്ഢിത്തം വിളിച്ചു പറയുന്ന ചെന്നിത്തലയുടെ ഇമെയില്‍, ഫേസ്ബുക്, വാട്‌സ്ആപ് ഡാറ്റകള്‍ പോലും ശേഖരിക്കപ്പെടുന്നത് അതാതു കമ്പനികളുടെ സെര്‍വറുകളിലാണ്, കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലെ മിനുട്‌സ് ബുക്കിലല്ല. പ്രതിപക്ഷ നേതാക്കള്‍ യുക്തിയുടെയും ചിന്തയുടെയും പുരോഗമനത്തിന്റെയും ഭാഷയില്‍ സംവദിക്കുന്നതാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എല്ലാ ദിവസവും പത്ര സമ്മേളനം നടത്തി കുറ്റപ്പെടുത്തലും, പഴിചാരലും, ആരോപണങ്ങളും മാത്രം പറഞ്ഞു നടക്കുക എന്നതല്ല പ്രതിപക്ഷക്കാരുടെ ജോലി. നാട് ഒന്നടങ്കം നേരിടുന്ന പൊതുവായ വിഷയങ്ങളില്‍ രാഷ്ട്രീയ പഴിചാരലുകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഒപ്പം നില്‍ക്കണം.

സ്പ്രിംഗ്ലര്‍ ഒരു ലോകോത്തര കമ്പനിയാണ്. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കായി വിവിധ ഡാറ്റകള്‍ സ്വരൂപിച്ച് ഏകോപിപ്പിക്കാനും, യഥാസമയത്ത് അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കാനും, വ്യാജ വാര്‍ത്തകള്‍ തടയാനും മറ്റും സാധിക്കുന്ന സിറ്റിസണ്‍ എക്‌സ്പീരിയന്‍സ് സോഫ്‌ട്വെയര്‍ നല്‍കുന്നുണ്ട്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ആവശ്യമായ വിവരങ്ങളും പോസ്റ്റുകളും പ്രസിദ്ധീകരിക്കാന്‍ സഹായിക്കുക, സോഷ്യല്‍ മീഡിയ നിരീക്ഷണം നടത്താന്‍ സഹായിക്കുക എന്നിവയൊക്കെ സ്പ്രിംഗ്ലര്‍ സാധ്യമാക്കുന്നു. നിര്‍മിത ബുദ്ധി സാങ്കേതികത്വം ഉപയോഗിച്ച് ആഗോള കമ്പനികള്‍ക്ക് മികച്ച ഉപഭോക്തൃ പരിചയം നല്‍കാനും, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ചെയ്യാനും സഹായിക്കുന്ന സോഫ്‌ട്വെയര്‍ നല്‍കുന്ന കമ്പനിയാണ് സ്പ്രിംഗ്ലര്‍. സ്പ്രിംഗ്ലര്‍ ഒരു മികച്ച പ്രൊഡക്ടാണ്.

ഒരുപാട് രാജ്യാന്തര കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച osveriegn wealth ഫണ്ടുകളിലൊന്നായ temasek മുതലായ ഇന്‍വെസ്റ്റേഴ്‌സില്‍ നിന്നുമൊക്കെ അവര്‍ക്ക് ലഭിച്ച ഫണ്ടിങ്; കമ്പനിയുടെ സമര്‍ത്ഥതയും, വളര്‍ച്ചാ സാധ്യതയും വെളിവാക്കുന്നു. ഭാവിയില്‍ സ്പ്രിംഗ്ലര്‍ ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയോ, അല്ലെങ്കില്‍ salesforce, oracle മറ്റേതെങ്കിലും ലോകോത്തര ഐ ടി കമ്പനികള്‍ അവരെ വലിയ തുകക്ക് ഏറ്റെടുക്കുന്ന ഒരു കാഴ്ചപ്പാടാണ് എനിക്കുള്ളത്.

ലോകമെമ്പാടും ആയിരക്കണക്കിന് പേര് ജോലി ചെയ്യുന്ന Sprinklr എന്ന അമേരിക്കന് സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ.യും മലയാളിയായ രാജി തോമസ് (Ragy Thomas) ആണ്. കേരളത്തിലെ ഐ ടി മേഖലയുടെ വളര്‍ച്ചക്ക് ദീര്‍ഘവീക്ഷണമായ പദ്ധതികള്‍ നടപ്പാക്കിയ കേരളത്തിലെ ഏറ്റവും മികച്ച IAS ഉദ്യോഗസ്ഥരിലൊരാളാണ് ശ്രീ ശിവശങ്കര്‍ (Sivasankar Nair). മികച്ച ഒരു സാങ്കേതിക സംവിധാനമുപയോഗിച്ച് കാര്യക്ഷമതയോടെ കേരളത്തിലെ കോവിഡ്-19 നിയന്ത്രിക്കാനായുള്ള പ്രവര്‍ത്തനങ്ങളില്‍ Sprinklr എങ്ങിനെ സഹായിക്കുന്നു എന്നത് കമ്മന്റ് ബോക്‌സില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ കാണാവുന്നതാണ്.

വാലറ്റം – ചെന്നിത്തല അവതരിപ്പിച്ച അമേരിക്കന്‍ മിറ്റിഗേഷന്‍ സ്ട്രാറ്റജി മോഡല്‍, തമിഴ് നാട് മോഡല്‍, രാജസ്ഥാന്‍ മോഡല്‍, മീഡിയ മാനിയ, സ്പ്രിംഗ്ലര്‍ ഡാറ്റ കച്ചവടം ഒക്കെ കേട്ട് മടുത്തു. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് പോസിറ്റിവ് ആയി തോന്നുന്ന തരത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നില്ല! രോഗികളുടെ വിവരങ്ങള്‍ നല്‍കിയാല്‍ ജനങ്ങളുടെ സുരക്ഷക്ക് മാരകമായ എന്തോ സംഭവിക്കും എന്നൊക്കെയുള്ള പ്രതീതി ജനിപ്പിച്ചു തള്ളി വിടുന്നത് രാഷ്ട്രീയമായ ആരോപണം മാത്രമാണ്.

(പതിനഞ്ചു വര്‍ഷം ഡിജിറ്റല്‍ ഡാറ്റ ടെക്‌നോളജി സാങ്കേതിക മേഖലയില്‍ ഇന്ത്യയിലും, അമേരിക്കയിലും, സിംഗപ്പൂരിലും ജോലി ചെയ്ത പരിചയമുണ്ട്. ഈ മേഖലയില്‍ സ്വന്തമായി ഒരു കമ്പനി നടത്തി നൂറു കണക്കിന് തൊഴിലവസരം നല്‍കി ആറു വര്‍ഷത്തിനുള്ളില്‍ ഒരു അമേരിക്കന്‍ കമ്പനി ഏറ്റെടുത്ത സംരംഭകത്വ പരിചയവുമുണ്ട്. നാല്‍പതു രാജ്യങ്ങളിലെ വിവിധ കമ്പനികളുമായും സര്‍ക്കാര്‍ സംവിധാനവുമായും ഈ മേഖലയില്‍ പ്രോഡക്ട് നല്‍കിയ മുന്‍ പരിചയവുമുണ്ട്. ഇപ്പോഴും ഈ മഖേലയില്‍ പഠനവും ഗവേഷണവും നടത്തുന്നുണ്ട്. എന്റെ പരിമിതമായ അറിവിനുള്ളില്‍ നിന്നു കൊണ്ടുള്ള അഭിപ്രായങ്ങളെ രാഷ്ട്രീയമായി കണ്ട് വ്യക്തിത്വ പരാമര്‍ശം നടത്തരുത് എന്ന് അപേക്ഷിക്കുന്നു)

Exit mobile version