അന്ന് മുഖത്ത് തൊലി മാത്രം, രണ്ട് ദിവസം മാത്രം ആയുസ്സ്: ഹൃദയങ്ങള്‍ കീഴടക്കി മാതൃകയായി ഹന്ന സലീം; മിടുക്കിയെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗായകന്‍ സലീം കോടത്തൂരിന്റെ മകളാണ് ഗായിക ഹന്ന സലീം. ഉപ്പയെ പോലെ തന്നെ പാട്ടില്‍ തന്റെ കഴിവ് കുഞ്ഞുപ്രായത്തിലൂടെ ഹന്ന തെളിയിച്ചുകഴിഞ്ഞു. മദീനയിലേക്കൊരു വെള്ളരിപ്രാവ് എന്ന ഗാനമാണ് ഗായികയായി ഹന്നയെ ശ്രദ്ധേയയാക്കിയത്.

ഹന്ന സലീമിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ജനിച്ച രണ്ട് ദിവസം മാത്രമെ ജീവിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞ കുരുന്ന് ഇന്ന് സമൂഹത്തിന് ഒന്നാകെ മാതൃകയും പ്രചോദനവുമാണെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മദീനയിലേക്കൊരു വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ ജനപ്രീതി നേടിയ കൊച്ചുഗായിക ഹന്ന സലീമിനെ പരിചയപ്പെടുവാന്‍ സാധിച്ചു. പൊന്നാനി എരമംഗലത്ത് നടന്ന പി.ടി. മോഹനകൃഷ്ണന്‍ അനുസ്മരണ വേദിയിലാണ് സ്വജീവിതത്തോട് പൊരുതി വിജയം നേടിയ ഹന്നയെ കണ്ടത്. എന്നോടൊപ്പം ഹന്നയും മോഹനേട്ടന്‍ സ്മാരക പുരസ്‌കാരത്തിന് അര്‍ഹയായിരുന്നു.

ജനിച്ച രണ്ട് ദിവസം മാത്രമെ ജീവിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞ കുരുന്ന്. അന്ന് മുഖത്ത് തൊലി മാത്രമേയുണ്ടായുള്ളൂ, സംസാരിക്കാനാവില്ല, മുടി വളരില്ല, ശരീരത്തില്‍ സാധാരണ തൊലി ഉണ്ടാവില്ല, നടക്കാനും കഴിയാത്ത സ്ഥിതി, കൈയ്ക്ക് വളവ്,സര്‍ജറി നടത്തിയാല്‍ ഓര്‍മ്മക്കുറവ് ഉണ്ടാകുമോയെന്ന ആശങ്ക; അങ്ങനെയെണ്ണിയാല്‍ ഒടുങ്ങാത്ത പ്രയാസങ്ങളും വേദനകളുമായി ഈ മണ്ണില്‍ പിറന്നവള്‍.

ജനിച്ച ആദ്യത്തെ രണ്ടരമാസം ആശുപത്രിയില്‍ തന്നെയാണ് കഴിഞ്ഞത്, ആറ് മാസം വീട്ടില്‍. പിന്നെ നടന്നത് ഒരാത്ഭുതമാണ്. ചികിത്സയും സര്‍ജറിയും ഫലം കണ്ടു. ഹന്നയില്‍ നല്ല മാറ്റങ്ങള്‍ കണ്ട് തുടങ്ങി. നടക്കില്ലായെന്ന് പറഞ്ഞവള്‍ നടന്ന് തുടങ്ങി.നൃത്തം ചെയ്തു. നല്ല ഓര്‍മ്മശക്തി, സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചു, കൈയ്ക്ക് വളവുണ്ടായിരുന്ന ഹന്ന അതിമനോഹരമായി ചിത്രങ്ങള്‍ വരച്ചു. സംസാരിക്കില്ലായെന്ന വിധിയെ തോല്‍പ്പിച്ച് ശ്രുതി മധുരമായ ഒട്ടേറെ പാട്ടുകള്‍ക്ക് ഹന്ന ശബ്ദം നല്‍കി.

ഇച്ഛാശക്തിയും ആത്മവിശ്വാസവും കൈമുതലാക്കി തന്നിലെ കുറവുകളെയില്ലാതാക്കാന്‍ ഹന്ന നടത്തിയ നിരന്തര പരിശ്രമത്തിന്റെയും പോരാട്ടത്തിന്റെയും വിജയമാണിത്. താല്‍ക്കാലിക പരാജയങ്ങളിലും വേദനയിലും തളര്‍ന്ന് നിരാശരായി കര്‍മ്മ ചൈതന്യം നഷ്ടപ്പെടുത്താതെ കൂടുതല്‍ ഊര്‍ജത്തോടെ മുന്നോട് വരാന്‍ ഹന്ന സലീം സമൂഹത്തിന് ഒന്നാകെ മാതൃകയും പ്രചോദനവുമാണ്. ഈ മിടുക്കിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാകട്ടെയെന്ന് ആഗ്രഹിക്കുന്നു. എല്ലാ നന്മകളും നേരുന്നു…

Exit mobile version