വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരായ നടപടി പരിഗണനയില്‍: മുഖ്യമന്ത്രി പിണറായി

ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്ന് സൂചന.

തിരുവനന്തപുരം: സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്ന് സൂചന. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കോടതിവിധി നടപ്പാക്കുക മാത്രമേ മാര്‍ഗമുള്ളൂ. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിന് അവകാശമുണ്ട്. ആരെങ്കിലും വന്നാല്‍ അവര്‍ക്ക് സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പിണറായി പറഞ്ഞു.

വിധിക്കെതിരെ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് മാറ്റിയത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ പ്രതികള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് മനസിലാകുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തോടെയായിരുന്നു നിയമസഭ ആരംഭിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു.

Exit mobile version