കൊറോണ; മലപ്പുറത്ത് 250 പേര്‍ കൂടി പ്രത്യേക നിരീക്ഷണത്തില്‍, ആകെ നിരീക്ഷണത്തിലുള്ളത് 14,000ത്തിലധികം ആളുകള്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ 250 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ല കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,067 ആയി ഉയര്‍ന്നു.

വിവിധ ആശുപത്രികളിലായി 83 പേരാണ് കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നത്. 13,918 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 66 പേര്‍ കൊറോണ കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. അതേസമയം 319 പേരെ വീടുകളിലെ സ്വയം നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയാതായും ഇതിന്റെ ഭാഗമായാണ് ഇത്രയും പേരെ നിരീക്ഷണത്തിലാക്കിയതെന്നും കളക്ടര്‍ വ്യക്തമാക്കി. കൂടാതെ വാര്‍ഡ് തലങ്ങളില്‍ ദ്രുതകര്‍മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 8,746 വീടുകള്‍ ദ്രുത കര്‍മസംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറി.

അതേസമയം, കൊറോണ ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 938 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 189 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

Exit mobile version