മൃഗങ്ങള്‍ക്കും കൊറോണ; പത്തനംതിട്ടയില്‍ കൊറോണ രോഗി ഓമനിച്ച നായയും നിരീക്ഷണത്തില്‍

പത്തനംതിട്ട: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ഓമനിച്ചുവളര്‍ത്തിയ നായയെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. കൊറോണ പരിശോധനാഫലം പോസിറ്റീവായ പത്തനംതിട്ട കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയുടെ വളര്‍ത്തുനായെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

ദുബായില്‍നിന്ന് മാര്‍ച്ച് 22-ന് എത്തിയ ഇടപ്പാവൂര്‍ സ്വദേശി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്രവ പരിശോധനയില്‍ ഇയാള്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

വീട്ടില്‍ നിരീക്ഷത്തില്‍ കഴിയുന്ന സമയത്താണ് രോഗി വളര്‍ത്തുനായയുമായി അടുത്ത് ഇടപഴകിയത്. ഇതോടെ നായയെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കുകയായിരുന്നു. മറ്റ് രാജ്യങ്ങളില്‍ കൊറോണ വൈറസ് മൃഗങ്ങളിലേക്കും പടരുമെന്ന് കണ്ടെത്തിയിരുന്നു. കടുവകള്‍ക്കും മറ്റും മനുഷ്യസമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഇക്കാര്യം അറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് അയിരൂരിലെ രോഗിയുടെ വീട്ടിലെ നായയെയും നിരീക്ഷണത്തിലാക്കിയത്. കഴിഞ്ഞ ദിവസം ദിവസം ചത്ത കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊറോണ വാര്‍ഡിലുണ്ടായിരുന്ന പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

പ്രാഥമിക പരിശോധനയില്‍ പൂച്ചകള്‍ക്ക് കൊറോണ ഇല്ലെന്നാണ് സൂചന. എന്നാലും സൂക്ഷ്മ പരിശോധനയിലൂടെ ഇത് ഉറപ്പു വരുത്താനാണ് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറെ ഇക്കാര്യം അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഭോപ്പാലിലുള്ള നാഷനല്‍ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് അയയ്ക്കും.

Exit mobile version