ജനം നിരോധനാജ്ഞ പാലിക്കുന്നില്ല: നാളെ മുതല്‍ മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

മൂന്നാര്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഏഴു ദിവസത്തേക്ക് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുമ്പ് അവശ്യസാധനങ്ങള്‍ വാങ്ങേണ്ടവര്‍ രസാമൂഹിക അകലം പാലിച്ച് കടകളില്‍ എത്തി സാധനങ്ങള്‍ വാങ്ങേണ്ടതാണ്. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രം തുറക്കും.

കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. നിരോധനാജ്ഞ പതിവായി തെറ്റിക്കുന്നതിനാലാണ് ഇത്തരത്തിലൊരു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇന്ന് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ കാല്‍നടയായും മറ്റും എത്തുന്നുണ്ട്. പലപ്പോഴും ആളുകളെ നിയന്ത്രിക്കാന്‍ കഴിയാത്തത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണകൂടം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ലോക്ക്ഡൗണ്‍ തീരുന്നതു വരെ അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രം വീടിനു പുറത്തിറങ്ങാവുന്നതാണ്. പോലീസിനെ ആവശ്യം ബോധിപ്പിക്കേണ്ടതുമാണ്.

Exit mobile version