കോവിഡ് രോഗിയുമായി ഇടപെട്ട പുരോഹിതൻ കുർബാന അർപ്പിച്ചു; ഇരവിപേരൂരിൽ പള്ളിയിലെത്തിയ 69 പേർ നിരീക്ഷണത്തിൽ

പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ ബന്ധുക്കളുമായി ഇടപെട്ട പുരോഹിതനും പള്ളിയിലെത്തിയ 69 വിശ്വാസികളും വീട്ടുനിരീക്ഷണത്തിൽ. ഇരവിപേരൂരിലെ 69 പേരെയാണ് കോവിഡ് 19 നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി പ്രാഥമിക സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുക്കളുമായി അടുത്തിടപഴകിയ പുരോഹിതൻ കുർബ്ബാന അർപ്പിച്ച പള്ളിയിലെത്തിയ വിശ്വാസികളാണ് നിരീക്ഷണത്തിലുള്ളത്.

അതേസമയം, പത്തനംതിട്ടയിൽ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ തന്നെ കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകൾ എത്തുന്നത് പരമാവധി കുറച്ചിരിക്കുകയാണ്. പല പള്ളികളിലും ഞായറാഴ്ച കുർബ്ബാന ഉൾപ്പെടെ വേണ്ടെന്ന് വെച്ചു. ഇതിനിടെയാണ് ഇരവിപേരൂരിലെ ക്‌നാനായ പള്ളിയിൽ കുർബ്ബാനയിൽ പങ്കെടുത്ത 69 പേരെ പഞ്ചായത്ത് ഇടപെട്ട് നിരീക്ഷണത്തിലാക്കിയത്.

ഇവിടെ കുർബ്ബാന അർപ്പിച്ച പുരോഹിതൻ കോവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി ഇടപെട്ട ബന്ധുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്. പള്ളിയിലെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിൽ വെച്ചിരിക്കുന്നവരിൽ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന 7 കുട്ടികളും ഉൾപ്പെടും. ഇവർക്കായി പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും. ചിങ്ങവനം സ്വദേശിയായ പുരോഹിതനും വീട്ടുനിരീക്ഷണത്തിലാണ്.

Exit mobile version