മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സ്ത്രീകള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ടു

മലപ്പുറം; മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ രണ്ട് സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അരീക്കോട് വെള്ളേരിയിലെ 60കാരിക്കും വാണിയമ്പം ശാന്തിനഗറിലെ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഒരാള്‍ നെടുമ്പാശേരി വഴി മാര്‍ച്ച് 12നാണ് നാട്ടിലെത്തിയത്. നെടുമ്പാശേരിയില്‍ നിന്ന് ബസിന് കോഴിക്കോട് എത്തി അവിടെ നിന്ന് ബന്ധുക്കളുടെ വാഹനത്തിലാണ് ഇവര്‍ വീട്ടിലേക്ക് പോയത്.

രണ്ടാമത്തെയാള്‍ മാര്‍ച്ച്12 ന് കോഴിക്കോട് എയര്‍പോര്‍ട്ടിലാണ് വന്നത്. 13ന് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ട് പേരും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ തേടി.

ഇന്നാണ് പരിശോധനാ ഫലം ലഭിച്ചത്. രണ്ട് പേരെയും സ്വീകരിക്കാന്‍ പത്തില്‍ താഴെയുള്ള ബന്ധുക്കളുടെ സംഘങ്ങള്‍ എത്തിയിരുന്നു. ഇവരെ കൂടാതെ കാസര്‍കോടും ഇന്ന് കൊറോണ സ്ഥിരീകിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു.

അതിനിടെ മലപ്പുറം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തിറക്കി.

പ്രാഥമികറൂട്ട്മാപ്പ്
9/3/20

രാവിലെ 7.30 – എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് നമ്പര്‍ AI 960 ല്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

രാവിലെ 10.00 – 10 പേരോടൊപ്പം ഓട്ടോ ക്യാബില്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു

രാവിലെ 10.45 ഷാപ്പില്‍ കുന്നില്‍ ബന്ധുവീട്ടുപടിക്കല്‍ വാഹനം നിര്‍ത്തി ബന്ധുക്കളുമായി സംസാരിച്ചു

ഉച്ചയ്ക്ക് 12:00. മാട്ടക്കുളം ബന്ധു വീട്ടിലെത്തി കുറച്ചു സമയം ബന്ധുവീട്ടില്‍ ചെലവഴിച്ചു

ഉച്ചയ്ക്ക് 12 30 ശാന്തിനഗറിലെ ബന്ധു വീട്ടിലെത്തി തുടര്‍ന്ന് വണ്ടൂര്‍ വാണിയമ്പലം ഉള്ള സ്വന്തം വീട്ടില്‍ എത്തി

13/3/20 ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജ് അഡ്മിറ്റ് ചെയ്തു

കേസ്2- അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി
പ്രാഥമിക_റൂട്ട്മാപ്പ്

12/03/20
രാവിലെ 7.30 – എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് നമ്പര്‍ AI 964 ല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂര്‍ ലേക്ക് ഉള്ള ബിന്‍സി ട്രാവല്‍സ് ബസ്സില്‍ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു

ഉച്ചയ്ക്ക് 2:30ന് – ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങി

വൈകുന്നേരം 4:00- സ്വന്തം കാറില്‍ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂര്‍ ഉള്ള സ്വന്തം വീട്ടിലേക്ക് പോയി.

13/3/20 ന് രാവിലെ അഡ്മിറ്റ് ചെയ്തു

അതെസമയം രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇരുവരുടേയും വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. മുകളില്‍ പറഞ്ഞ ഫ്‌ളൈറ്റുകളില്‍ സഞ്ചരിച്ചവരും മുകളില്‍ പറഞ്ഞ സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതും കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇവരുമായി അടുത്ത് ഇടപഴകിയവര്‍ 28 ദിവസം ഹോം ഐസൊലേഷനില്‍ കഴിയേണ്ടതും രോഗലക്ഷണമുള്ള പക്ഷം കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതാണ്. ഐസോലേഷനില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശമില്ലാതെ നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പര്‍ – 0483 2733251
0483 2733252

Exit mobile version