പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 150 പേരെ കണ്ടെത്തി; 11 പേര്‍ തൃശ്ശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 150 പേരെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്.

പത്തനംതിട്ട ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരുമായി ഇടപഴകിയവരെ ഉടന്‍തന്നെ കണ്ടെത്തുമെന്നും നിരീക്ഷണം ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

രോഗികള്‍ നേരിട്ട് ഇടപഴകിയ കൊല്ലത്തെ ബന്ധുക്കളെ നിരീക്ഷണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവരെ നെടുമ്പാശ്ശേരിയില്‍ നിന്ന് വീട്ടിലേക്കെത്തിച്ച ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

അതേസമയം, രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേര്‍ തൃശ്ശൂര്‍ ജില്ലയിലും നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതിന്റെ സാഹചര്യത്തില്‍
പത്തനംതിട്ടയില്‍ മൂന്ന് ദിവസത്തേക്ക് പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 732 പേരാണ് കൊറോണ സംശയത്തെത്തുടര്‍ന്നത് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

Exit mobile version