പത്തനംതിട്ടയിലെ അഞ്ച് കൊറോണ ബാധിതരുമായി ബന്ധപ്പെട്ടത് 3000 പേർ; നിരീക്ഷണം ആരംഭിക്കും

റാന്നി: മാർച്ച് ഒന്നിന് പത്തനംതിട്ടയിലേക്ക് ഇറ്റലിയിൽ നിന്നും വന്നവർക്കും അവരുടെ ബന്ധുക്കൾക്കും ഉൾപ്പടെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ അതീവ ജാഗ്രത. രോഗബാധിതർ മാർച്ച് ആറിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടും വരെ എവിടെയെല്ലാം പോയി ആരെയൊക്കെ കണ്ടു എന്ന് കണ്ടെത്താൻ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രോഗബാധിതരായ അഞ്ച് പേരുമായി ബന്ധപ്പെട്ട മൂവായിരം പേരെങ്കിലും പത്തനംതിട്ട ജില്ലയിൽ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവർ മൂന്ന് വർഷത്തിന് ശേഷമാണ് നാട്ടിലെത്തിയത് എന്നതിനാൽ തന്നെ ആറ് ദിവസത്തിനിടെ കൊല്ലം പുനലൂർ, കോട്ടയം എന്നീ സ്ഥലങ്ങളിലെ ബന്ധുവീടുകൾ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, റാന്നിയിലെ ഒരു ആശുപത്രി എന്നിവിടങ്ങളിലൊക്കെ സഞ്ചരിച്ചിരുന്നു.

രോഗബാധിതരായ അഞ്ച് പേരും ഇവരോട് അടുത്ത സമ്പർക്കം പുലർത്തിയ ചിലരും കൂടി 200 വീടുകളെങ്കിലും സന്ദർശിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് റാന്നി എംഎൽഎ രാജു എബ്രഹാം പറഞ്ഞു. ഇതിനിടെ മുൻകരുതൽ നടപടികളുടെ ഭാഗമായി പത്തനംതിട്ട കളക്ട്രേറ്റിലെ സർക്കാർ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് സംവിധാനം താൽകാലികമായി നിർത്തിവച്ചിട്ടുണ്ട്. റാന്നിയിൽ പൊതുവിതരണ കേന്ദ്രങ്ങളിലെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

വോട്ടർ പട്ടിക പുതുക്കുന്ന ജോലിയും താത്കാലികമായി നിർത്തിയിട്ടുണ്ട്. രോഗബാധിതരുടെ 90 വയസ്സിന് മേലെ പ്രായമുള്ള മാതാപിതാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ദുബായിൽ നിന്നും ന്യൂമോണിയ ലക്ഷണങ്ങളുമായി എത്തിയ രണ്ട് പേരും കൂടി ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലുണ്ട്. ഇറ്റലിയിൽ നിന്നും വന്ന 56, 53 വയസുള്ള ദമ്പതിമാർ ഇവരുടെ 22 വയസുള്ള മകൻ. ഇവരുടെ അടുത്ത ബന്ധുവും അയൽവാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും. ഇങ്ങനെ അഞ്ച് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസോേെലഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

കോട്ടയത്തും പത്തനംതിട്ടയിലുമായി രോഗബാധിതർ സന്ദർശനം നടത്തിയ ചില വീടുകളും ഇവരെ കണ്ട ചില ബന്ധുക്കളേയും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി ഇവരോട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെടും.

Exit mobile version