പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തു; പികെ ശശി എംഎല്‍എയ്ക്ക് ആറുമാസം സസ്‌പെന്‍ഷന്‍

ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നാണ് പാര്‍ട്ടി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

തിരുവനന്തപുരം: യുവതിയുടെ പരാതിയെ തുടര്‍ന്നു പികെ ശശി എംഎല്‍എയെ സിപിഎം സസ്‌പെന്‍ഡു ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാണ് ആറു മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. നേരത്തെ, യുവതിയുടെ പരാതി പ്രകാരം അന്വേഷണം നടത്തിയ പാര്‍ട്ടി കമ്മീഷന്‍ പികെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.

ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നാണ് പാര്‍ട്ടി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമാണ് കമ്മീഷനിലെ അംഗങ്ങള്‍. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. പികെ ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി പികെ ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നല്‍കിയ വിശദീകരണം ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. അതേസമയം ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.

Exit mobile version