കെഎസ്ആർസി അപകടം; 19 പേർ മരിച്ചെന്ന് സ്ഥിരീകരണം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

തിരുവനന്തപുരം: കോയമ്പത്തൂരിലെ അവിനാശിയിലുണ്ടായ അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി എസി വോൾവോ ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നേരത്തെ 20 പേർ അപകടത്തിൽ മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു എങ്കിലും 19 പേരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് സ്ഥിരീകരണം. അതേസമയം, മൃതദേഹങ്ങൾ വേഗം നാട്ടിൽ എത്തിക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും നടപടി സ്വീകരിക്കാൻ പാലക്കാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടി പുരോഗമിക്കുകയാണ്. തമിഴ്‌നാട് സർക്കാരുമായും തിരുപ്പൂർ ജില്ല കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും അടിയന്തിരമായി എത്തിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള, തമിഴ്‌നാട് സർക്കാറുകളോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് ദുഃഖം രേഖപ്പെടുത്തി.

കേരളം തമിഴ്‌നാട് സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും. കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥരുടെയും സംഘത്തെയും മെഡിക്കൽ ടീമിനെയും അവിടേക്ക് അയക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനിടെ, അപകടത്തെക്കുറിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ കെഎസ്ആർടിസി എംഡിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Exit mobile version