ഗദ്ദിക ഉത്പന്നങ്ങളുടെ വിൽപ്പനയും പരമ്പരാഗത കലാ പ്രദർശനവും 27 മുതൽ കണ്ണൂരിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: സംസ്ഥാന പിന്നോക്ക ക്ഷേമ വികസന വകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് ഗദ്ദിക മേള കണ്ണൂരിൽ. ഗദ്ദിക ഉത്പന്ന പ്രദർശന-വിൽപ്പന മേളയും പരമ്പരാഗത കലകളുടെ അവതരണവുമാണ് കണ്ണൂരിൽ നടക്കുന്ന മേളയുടെ മുഖ്യ ആകർഷണം. ഈ മാസം 27 മുതലാണ് മേള ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.

കണ്ണൂർ കളക്ട്രേറ്റ് ഗ്രൗണ്ടിൽ ഫെബ്രുവരി അഞ്ച് വരെയാണ് മേള ഒരുക്കുക. മേളയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സാസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച ജില്ലാ കഌക്ട്രേറ്റിൽ നടന്ന യോഗത്തിലാണ് ഗദ്ദിക മേളയുടെ സംഘാടനത്തെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ആദ്യമായി കണ്ണൂരിൽ സംഘടിപ്പിക്കുന്ന ഗദ്ദിക മേള ചരിത്ര വിജയമാക്കണമെന്നു മന്ത്രി യോഗത്തിൽ പറഞ്ഞു.

സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു സമൂഹത്തിനെ മുന്നോട്ടുകൊണ്ടുവരാനാണ് സർക്കാർ ഗദ്ദിക മേള ഉൾപ്പടെയുള്ള പദ്ധതികളിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചു.

ഗദ്ദിക മേള സംഘടിപ്പിക്കുന്നത് പിന്നോക്ക ജാതി-പിന്നോക്ക വർഗ്ഗത്തിന്റെ കൈയ്യിലുള്ള, ഇനിയും പുറംലോകത്തിന് അന്യമായ, അമൂല്യമായ കരകൗശല വസ്തുക്കളുടെ പ്രദർശനത്തിനും അവയുടെ വിൽപ്പനയ്ക്കും ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യംവെച്ചാണ്. ഈ മേളയുടെ ഭാഗമായി പാരമ്പര്യ കലകളുടെ പ്രദർശനവും ഒരുക്കുന്നുണ്ട്. പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദർശനത്തിനൊപ്പം ആദിവാസി ഭക്ഷണങ്ങൾ തൽസമയം പാകം ചെയ്ത് രുചിക്കാനുള്ള അവസരവും സന്ദർശകർക്കായി ഒരുക്കും. മേളയുടെ തുടക്കം മുതൽ ഓരോ ദിവസവും വിവിധ വിഷയങ്ങളെ സംബന്ധിച്ച സെമിനാറുകളും വൈകുന്നേരങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. മേളയുടെ പ്രചാരണവും വിജയകരമായ പൂർത്തീകരണവും ലക്ഷ്യം വെച്ച് എട്ട് സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, പിന്നോക്ക ക്ഷേമ വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസർ എസ് നന്ദകുമാർ, ജില്ലാ പിന്നോക്ക ക്ഷേമ വികസന വകുപ്പ് ഓഫീസർ കെകെ ഷൈജു, ആദിവാസി-ഗോത്ര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ് സാജു തുടങ്ങിയവരും മന്ത്രി കടന്നപ്പള്ളിക്ക് ഒപ്പം യോഗത്തിൽ സംബന്ധിച്ചു.

Exit mobile version