പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള പ്രതിഷേധത്തിന് അതിരുകളില്ലെന്ന് വീണ്ടും തെളിയിച്ച് കേരളം; ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഷ്ട്രീയ വിരോധങ്ങൾക്കും പക്ഷങ്ങൾക്കും അതീതമായി ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടെന്ന് വീണ്ടും തെളിയുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ സമരം രാഷ്ട്രീയ പാർട്ടികളുടെ അതിരുകളിൽ നിയന്ത്രിക്കാൻ കഴിയുന്നതല്ലെന്ന് മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി. പൗരത്വ ബില്ലിനെതിരെ മലപ്പുറത്ത് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പ്രക്ഷോഭ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ വിരോധം മറന്നാണ് കുഞ്ഞാലിക്കുട്ടി ജമാഅത്തെ ഇസ്ലാമിയുടെ ശക്തിപ്രകടനമായ സമ്മേളനത്തിൽ പങ്കെടുത്തത്. യോഗത്തിന് അയ്യായിരത്തിലധികം പേർ പങ്കെടുത്തു. ആയിരത്തിലധികം സ്ത്രീകളും പ്രതിഷേധം രേഖപ്പെടുത്താനായി എത്തിയിരുന്നു. പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. നേരത്തെ പൗരത്വ ബില്ലിനെതിരെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും നടത്തിയ ചൊവ്വാഴ്ചത്തെ ഹർത്താലിൽ മുസ്ലിം ലീഗ് പങ്കെടുത്തിരുന്നില്ല.

എങ്കിലും മുസ്ലിംലീഗ്, വെൽഫെയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയവയെല്ലാം തന്നെ പൊരത്വ ഭേദഗതി നിയമത്തിന് എതിരെ ഒരുകുടക്കീഴിൽ ഒരുമിക്കുകയാണ്. പ്രക്ഷോഭത്തിന് രാഷ്ട്രീയ ചട്ടക്കൂട് ഇല്ലെന്നും സർക്കാരിനൊപ്പം ചേർന്ന് ഇനിയും സംയുക്ത സമരം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു. സംയുക്ത സമരത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗത്തിലെ എതിർപ്പ് ഇതോടെ മുസ്ലിം ലീഗ് തള്ളിക്കളഞ്ഞിരിക്കുകയാണ്.

Exit mobile version