പരിഭാഷയ്ക്കിടെ പകച്ച് വിദ്യാര്‍ഥിനി: ധൈര്യം പകര്‍ന്ന് പ്രോത്സാഹിപ്പിച്ച് രാഹുല്‍ ഗാന്ധി, കൈയ്യടി

വാകേരി: തന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ പതറിപ്പോയ വിദ്യാര്‍ഥിയെ ചേര്‍ത്ത്പിടിച്ച് ധൈര്യം പകര്‍ന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. വാകേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു സംഭവം.

വാകേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പിവി പൂജ. എംഎസ്ഡിപി പദ്ധതിയില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് രാഹുല്‍ എത്തിയത്. പരിഭാഷപ്പെടുത്താന്‍ എത്തിയ പിവി പൂജ എന്ന വിദ്യാര്‍ഥി ഇടയ്ക്ക് പതറിയപ്പോള്‍ തുടക്കത്തില്‍ താനും ഇങ്ങനെയായിരുന്നുവെന്ന് പറഞ്ഞാണ് നേതാവ് ആശ്വസിപ്പിച്ചത്.

വേദിയില്‍ സൗണ്ട് ബോക്‌സ് ഇല്ലാത്തതിനാല്‍ രാഹുലിന്റെ പ്രസംഗം വ്യക്തമായി കേള്‍ക്കാന്‍ പൂജയ്ക്ക് കഴിഞ്ഞില്ല. അതിനാല്‍ പരിഭാഷ തടസ്സപ്പെട്ടു. വേദിയിലിരുന്ന ചില നേതാക്കള്‍ പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുല്‍ ഇടപ്പെട്ടു. കുട്ടി തന്നെ പറയുമെന്ന് പറഞ്ഞു.

പരിഭാഷ നിര്‍ത്തി മൈക്ക് തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാഹുല്‍, ചില വാചകങ്ങള്‍ പൂജക്കുവേണ്ടി രണ്ടും മൂന്നും തവണ ആവര്‍ത്തിച്ചു. നന്നായി കേട്ടപ്പോള്‍ മികച്ച രീതിയില്‍ പരിഭാഷപ്പെടുത്തി പൂജ സദസ്സിന്റെ നിറഞ്ഞ കൈയ്യടി നേടുകയും ചെയ്തു. അവസാനംവരെ അദ്ദേഹം ധൈര്യവും പ്രോത്സാഹനവും നല്‍കി. ചോക്ലേറ്റ് നല്‍കിയും അഭിനന്ദിച്ചു. രാഹുലിന്റെ പ്രോത്സാഹനം മറക്കാന്‍ കഴിയില്ലെന്ന് പൂജ പറഞ്ഞു.

കഴിഞ്ഞദിവസം മലപ്പുറം കരുവാരക്കുണ്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ലാബ് കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി സഫ ഫെബിന്‍ എന്ന വിദ്യാര്‍ഥിയും താരമായിരുന്നു.

Exit mobile version