രാഷ്ട്രപതിയുടെ കണ്ണൂർ സന്ദർശനത്തിന് ഇടയിൽ വിമാനത്താവളത്തിൽ വൻസുരക്ഷാ വീഴ്ച; അന്വേഷണം

കണ്ണൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കണ്ണൂരിൽ എത്തിയ വേളയിൽ വിമാനത്താവളത്തിൽ സംഭവിച്ചത് വൻ സുരക്ഷാ വീഴ്ച. കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാർ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്തെത്തി. ഏഴിമല നാവിക അക്കാഡമിക്ക് പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം സമ്മാനിക്കാൻ രാഷ്ട്രപതി എത്തിയപ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ജില്ലാ കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതോടെ വിശദമായ തുടർപരിശോധന നടത്തേണ്ടിവരും.

ഉളിക്കൽ സ്വദേശിയായ പൊതുപ്രവർത്തകൻ ബ്രിജിത്ത് കൃഷ്ണ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുള്ളത്. കിയാൽ ജീവനക്കാരായ രണ്ടുപേർ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്ത് നിൽക്കുന്നതിന്റെ ചിത്രവും കത്തിനൊപ്പം അയച്ചിരുന്നു. ഇതേത്തുടർന്ന് സിസിവിടി ദൃശ്യങ്ങളടക്കം പരിശോധിച്ച് ജില്ലാ കളക്ടർ ടിവി സുഭാഷ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ച വ്യക്തമായത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരടക്കം ഒൻപതു പേർക്കാണ് ഗവർണറെ സ്വീകരിക്കാൻ വിമാനത്താവളത്തിലെ ലാഡർ പോയിന്റിലെത്താൻ അനുമതി നൽകിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്തെത്തുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവർ ആരുടെ അനുമതിയോടെ അവിടെയെത്തി, സുരക്ഷാ ചുമതലയുള്ളവർ എന്തുകൊണ്ട് അവരെ നീക്കിയില്ല തുടങ്ങിയ കാര്യങ്ങളിൽ പരിശോധന നടത്തേണ്ടിവരും.

Exit mobile version