കാശ് മുടക്കേണ്ട, കൊച്ചിക്കാർക്ക് ഫ്രീയായി കായൽ കാറ്റേറ്റ് വ്യായാമം ചെയ്യാൻ ഇതാ ഒരു ഓപ്പൺ ജിംനേഷ്യം

കൊച്ചി: ഐ ലവ് കൊച്ചിയെന്ന് പറഞ്ഞ് നടക്കുകയല്ല അത് ഒടുവിൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കൊച്ചിയിലെ ജനപ്രതിനിധികൾ. തിരക്ക് പിടിച്ച നഗര ജീവിതത്തിൽ അൽപ്പം ആശ്വാസം നേടാൻ കൊച്ചിയിലെ ജനങ്ങൾക്ക് ധൈര്യമായി ഒന്നിറങ്ങാവുന്ന സ്ഥലമാണ് കൊച്ചിയിലെ ഗോശ്രീ പാലത്തിനടുത്തുള്ള ചാത്യാത്ത് റോഡിൽ ഒരുക്കിയിരിക്കുന്ന ഓപ്പൺ ജിംനേഷ്യം. കൊച്ചിക്കാരുടെ ആരോഗ്യം സംരക്ഷിക്കാനായി ഒരുക്കിയിരിക്കുന്ന ക്വീൻസ് വാക്ക് വേയിലെ താരമാണ് പുതുതായി സജ്ജമാക്കിയ ഈ ഓപ്പൺ ജിംനേഷ്യം.

ഈ ജിംനേഷ്യത്തിൽ വ്യായാമത്തിനായി ആർക്കും എത്താവുന്നതാണ്. നയാ പൈസ മുടക്കാതെ സൗജന്യമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം ഉപയോഗിക്കാം. ഇതിന്റെ ഭാഗമായി ഐ ലവ് കൊച്ചിയെന്ന പേരിൽ ഒരു ഇൻസ്റ്റലേഷനും ക്വീൻസ് വാക്ക്വേയിൽ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിക്കാർക്ക് കായൽ കാറ്റേറ്റ് സുഖകരമായ വ്യായാമമാണ് ഇവിടെ ഉറപ്പുനൽകുന്നത്. ഒന്നര കിലോമീറ്ററിലേറെ ദൈർഘ്യമുള്ള വോക്ക്വേയിൽ വ്യായാമ ഉപകരണങ്ങൾ സൗജന്യമായി ഉപയോഗിക്കാം.

ഇവിടെയൊരുക്കിയിരിക്കുന്ന ഐ ലവ് കൊച്ചി എന്ന ഈ ഇൻസ്റ്റലേഷൻ കൊച്ചിയിലെ പ്രധാന സെൽഫി പോയിന്റ് ആകുമെന്നുറപ്പ്. ഇപ്പോൾ തന്നെ പ്രഭാത നടത്തക്കാരുടെയും വ്യായാമം ചെയ്യുന്നവരുടെയും തിരക്കിലാണ് ചാത്യാത്ത് റോഡിലെ ക്വീൻസ് വാക്ക് വേ. എല്ലാവർക്കും പ്രയോജനപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണമെന്ന് ഹൈബി ഈഡൻ എംപി പറയുന്നു. ഹൈബി ഈഡൻ എംഎൽഎ ആയിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയിൽ നിന്നാണ് വോക്ക്വേയുടെ മൂന്നാംഘട്ട വികസനം പൂർത്തിയാക്കിയത്.

Exit mobile version