മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ചാലില്‍തൊടിക വീട്ടില്‍ അബ്ദുല്‍ ഖാദറാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്

മലപ്പുറം: മലപ്പുറത്ത് നാല് കിലോ കഞ്ചാവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. ചാലില്‍തൊടിക വീട്ടില്‍ അബ്ദുല്‍ ഖാദറാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കുന്നുമ്മല്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പരിസരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി അശോക് കുമാറും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കഞ്ചാവിന്റെ രണ്ട് കിലോ വീതമുള്ള പാര്‍സലുകളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇടനിലക്കാര്‍ക്ക് നല്‍കുന്നതിനായി ആന്ധ്രാപ്രദേശില്‍ നിന്ന് എട്ടായിരം രൂപക്കാണ് ഇത് മലപ്പുറത്ത് എത്തിച്ചത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും എക്‌സൈസിന് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മിനി ഊട്ടിയില്‍ നിന്ന് ഒരാഴ്ച മുമ്പ് എക്‌സൈസ് സംഘം പിടികൂടിയ യുവാവില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ അടങ്ങുന്ന കഞ്ചാവ് സംഘത്തിന്റെ പ്രവര്‍ത്തനം എക്സൈസ് വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു.

Exit mobile version