വായ്പാ തിരിച്ചടവ് മുടങ്ങി; കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ് ഫിനാൻസ് കമ്പനി പിടിച്ചുകൊണ്ടുപോയി

KSRTC scania

ബംഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയ കേരള ആർടിസിയുടെ വാടകയ്‌ക്കെടുത്ത മൾട്ടി ആക്‌സിൽ സ്‌കാനിയ ബസ് ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബംഗളൂരുവിൽനിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന (ടിഎൽഅഞ്ച്) ബസാണ് ഫിനാൻസ് കമ്പനിയധികൃതർ പിടിച്ചെടുത്തത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തിയാണ് ബസ് കമ്പനി അധികൃതർ കൊണ്ടുപോയത്.

യാത്രക്കാരെ ഇറക്കിവിട്ടശേഷമാണ് ബസ് കൊണ്ടുപോയത്. ഇതോടെ ഈ ബസിൽ എറണാകുളം-തിരുവനന്തപുരം ഭാഗത്തേക്ക് ടിക്കറ്റെടുത്ത യാത്രക്കാർ കുടുങ്ങി. അഞ്ചിന് പുറപ്പേടേണ്ട ബസ് റദ്ദാക്കിയതിന്റെ സന്ദേശം ആറുമണിക്കാണ് പലർക്കും ലഭിച്ചതെന്നും പരാതിയുണ്ട്.

അതേസമയം, ഈ നടപടി വിളിച്ചുവരുത്തിയത് കെഎസ്ആർടിസിയുടെ നിരുത്തരവാദപരമായ സമീപനമാണെന്ന് യാത്രക്കാർ ആരോപിച്ചു. ഇതിനിടെ, സ്‌കാനിയ ബസിനു പകരം ഡീലക്‌സ് ബസ് ഏർപ്പാടാക്കി യാത്രക്കാരെ കയറ്റി കെഎസ്ആർടിസി പ്രശ്‌നം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

എറണാകുളം വരെ ഡീലക്‌സ് ബസ് സൗകര്യം നൽകുകയും അവിടെ നിന്നും മറ്റ് സംവിധാനം ഒരുക്കാമെന്നും കെഎസ്ആർടിസി യാത്രക്കാരെ അറിയിക്കുകയായിരുന്നു. കർണാടകയുടെ രാജ്യോത്സവത്തിന്റെ അവധിയെ തുടർന്ന് നാട്ടിലേക്ക് തിരിച്ച നിരവധി പേരാണ് സ്‌കാനിയ ബസ് പിടിച്ചെടുത്തതോടെ ഇത്തരത്തിൽ പെരുവഴിയിലായത്.

അഞ്ചുമാസമായി കുടിശ്ശിക നൽകാത്തതിനെ തുടർന്നാണ് ഫിനാൻസ് കമ്പനി ബസ് പിടിച്ചെടുക്കൽ നടപടിയിലേക്ക് കടന്നത്.

Exit mobile version