പുള്ളിമാന്‍കുട്ടിയെ പാതി വിഴുങ്ങി പെരുമ്പാമ്പ്; ബഹളം വെച്ച് നാട്ടുകാര്‍

കാഴ്ച കണ്ട് ആളുകള്‍ ബഹളം വെച്ചതോടെ മാന്‍കുഞ്ഞിനെ പാമ്പ് പുറന്തള്ളി

കോഴിക്കോട്: പുള്ളിമാന്‍കുട്ടിയെ പാതി വിഴുങ്ങി പെരുമ്പാമ്പ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടിലാണ് സംഭവം. കാഴ്ച കണ്ട് ആളുകള്‍ ബഹളം വെച്ചതോടെ മാന്‍കുഞ്ഞിനെ പാമ്പ് പുറന്തള്ളി. പക്ഷേ മാന്‍കുട്ടി ചത്തു.

ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. തൃക്കൈപറമ്പ് ക്ഷേത്രത്തിനടുത്തായി വനഭൂമിയില്‍ അലയുകയായിരുന്ന പുള്ളിമാന്‍മാന്‍കുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങുകയായിരുന്നു. മാന്‍കുട്ടിയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി പാതിയോളം അകത്താക്കിയ ശേഷമാണ് ആള്‍ക്കാര്‍ കാഴ്ച കണ്ടത്.

തുടര്‍ന്ന് ബഹളമുണ്ടാക്കിയപ്പോള്‍ മാന്‍കുട്ടിയെ പുറന്തള്ളിയ ശേഷം പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി. സ്ഥലത്തെത്തിയ വനപാലകര്‍ നാട്ടുകാരുടെ സഹായത്തോടെ മാന്‍കുഞ്ഞിന്റെ ജഡം കുഴിച്ചുമൂടി.

Exit mobile version