യാത്രക്കാര്‍ പണപ്പിരിവ് നല്‍കിയില്ല; ട്രെയിനില്‍ പാമ്പുകളെ തുറന്നുവിട്ട് പാമ്പാട്ടികള്‍

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ പിരിവ് നല്‍കിയില്ല, ട്രെയിനില്‍ പാമ്പുകളെ തുറന്നുവിട്ട് പാമ്പാട്ടികളുടെ ക്രൂരത. ഹൗറ-ഗ്വാളിയോര്‍ ചമ്പല്‍ എക്‌സ്പ്രസിലാണ് സംഭവം.
സെക്കന്‍ഡ് ക്ലാസ് കോച്ചില്‍ അഞ്ച് പാമ്പാട്ടികള്‍ പാമ്പിന്‍ കൂടയുമായി ട്രെയിനില്‍ കയറിയിരുന്നു.

ട്രെയിന്‍ യാത്ര പുറപ്പെട്ട ശേഷം ഇവര്‍ മറ്റ് യാത്രക്കാരോട് പണപ്പിരിവ് നടത്തി. എന്നാല്‍ പണം നല്‍കാന്‍ ചിലര്‍ തയ്യാറായില്ല. പിന്നാലെ ഇവര്‍ കൂടകളില്‍ നിന്നും പാമ്പുകളെ തുറന്നുവിടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ ഭയന്ന് ഓടി.

റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ എത്തും മുന്‍പ് പാമ്പാട്ടികള്‍ എല്ലാവരും ട്രെയിനില്‍ നിന്നും ഇറങ്ങിയോടി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പാമ്പുകള്‍ക്കായി കോച്ചില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഝാന്‍സി സ്റ്റേഷനില്‍വച്ച് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയ ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version