ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യത; മണ്ഡലകാലത്തിന് മുന്നോടിയായി ബിജെപി നേതാക്കള്‍ കരുതല്‍ തടങ്കലില്‍

ശബരിമലയില്‍ സംഘര്‍ഷം കനക്കുമെന്ന സൂചനയില്‍ മുന്‍കരുതല്‍ നടപടിയുമായി പോലീസ്.

ഇടുക്കി: ശബരിമല യുവതീപ്രവേശനത്തിനെതിരെ ശബരിമലയില്‍ സംഘര്‍ഷം കനക്കുമെന്ന സൂചനയില്‍ മുന്‍കരുതല്‍ നടപടിയുമായി പോലീസ്. സുരക്ഷയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഏതാനും ബിജെപി-ബിഎംഎസ് നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ബിജെപി കട്ടപ്പന നിയോജക മണ്ഡലം പ്രസിഡന്റ് വിഎസ് രതീഷ്, ജില്ലാ കമ്മിറ്റി അംഗം എസ്ജി മനോജ്, ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് ടിജി ശ്രീകുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പ്രശ്നക്കാര്‍ വീണ്ടും ശബരിമലയില്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ അറസ്റ്റിന് പോലീസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എല്ലാ ജില്ലകളിലും പ്രശ്നക്കാരുടെ പട്ടിക പോലീസിന്റെ പക്കലുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടുക്കിയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ശബരിമല നടതുറന്നപ്പോഴുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്, പോലീസിന്റെ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ വഴി കണ്ടെത്തിയവരുടെ ഫോട്ടോകളും മറ്റ് വിവരങ്ങളും അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തു നിന്നും അയച്ചുകൊടുത്തിട്ടുണ്ട്. ഇവര്‍ ശബരിമലയില്‍ വീണ്ടും എത്താതിരിക്കാന്‍ നടപടിയെടുക്കണമെന്ന് പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version