സർക്കാർ ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്‌തെന്ന് പരാതി; പ്രതിയുടെ വീട്ടിൽ അർധരാത്രി പോലീസ് അതിക്രമം; കാൻസർ ബാധിതയായ വീട്ടമ്മ കുഴഞ്ഞുവീണു

പരവൂരിലെ വീട്ടിലാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പള്ളിക്കൽ സ്റ്റേഷനിലെ പോലീസുകാരെത്തിയത്.

കൊല്ലം: സർക്കാർ ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റംചെയ്തെന്ന പരാതിയിൽ അർധരാത്രി ആരോപണവിധേയന്റെ വീട്ടിലെത്തി പോലീസിന്റെ അതിക്രമം. തിരുവനന്തപുരം പള്ളിക്കൽ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന കേസിലെ പ്രതി സുഗതകുമാറിന്റെ പരവൂരിലെ വീട്ടിലാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പള്ളിക്കൽ സ്റ്റേഷനിലെ പോലീസുകാരെത്തിയത്.

പോലീസ് വീടിനകത്ത് കയറി കുട്ടികളും രോഗികളടക്കമുള്ള സ്ത്രീകളേയും ഉൾപ്പടെ ഭീഷണിപ്പെടുത്തി. ഈ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് കാൻസർ ബാധിതയായ വീട്ടമ്മ കുഴഞ്ഞുവീണു. കൊല്ലം പരവൂരിലെ മകളുടെ ഭർത്താവിന്റെ വീട്ടിലാണ് സുഗതകുമാർ താമസിച്ചിരുന്നത്. ഇവിടെയെത്തിയാണ് പോലീസ് അതിക്രമം കാണിച്ചത്. സുഗതകുമാർ ഇപ്പോൾ ഒളിവിലാണ്. പോലീസ് നടപടിക്കു പിന്നാലെ സുഗതകുമാറിന്റെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി.

തപാൽവകുപ്പിലെ താൽക്കാലിക ജീവനക്കാരനാണ് സുഗതകുമാർ. ഇദ്ദേഹവും എഞ്ചിനീയറിങ് കോളേജ് അധ്യാപകനായ മകനും ഡോക്ടറെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സമയത്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന നിബന്ധന ലംഘിക്കപ്പെട്ടതായും ആരോപണമുണ്ട്.

നേരത്തെ പള്ളിക്കൽ ആശുപത്രിയിൽ സുഗതകുമാറും കുടുംബവും ചികിത്സ തേടിയെത്തിയിരുന്നു. എന്നാൽ ഇവർക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൈയ്യാങ്കളിയിലേക്ക് നീണ്ടത്.

Exit mobile version