മോഡിയെ സ്തുതിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല; അവർക്ക് ബിജെപിയിലേക്ക് പോകാം; തരൂരിനോട് കെ മുരളീധരൻ

മോഡിയുടെ ദുഷ്‌ചെയ്തികൾ മറച്ചുവെയ്ക്കാനാകില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തരൂരിനു മറുപടി നൽകിയത്

തിരുവനന്തപുരം: മോഡിയെ സ്തുതിച്ച് കോൺഗ്രസിൽ ആരും തുടരേണ്ടെന്ന് കെ മുരളീധരൻ എംപിയുടെ മുന്നറിയിപ്പ്. മോഡി അനുകൂല പരാമർശം നടത്തുന്നവർക്കും സ്തുതിക്കുന്നവർക്കും കോൺഗ്രസിൽ സ്ഥാനമില്ലെന്നും അത്തരക്കാർക്ക് ബിജെപിയിൽ പോകാമെന്നും ശശി തരൂർ എംപിയെ ലക്ഷ്യം വെച്ച് മുരളീധരൻ തുറന്നടിച്ചു.

നേരത്തെ, മോഡിയെ ക്രൂരനായി ചിത്രീകരിച്ചു കൊണ്ടുള്ള വിമർശനങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും എന്തിനും ഏതിനും വിമർശിക്കുന്നത് നല്ലതല്ലെന്നും വിശദീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് മനു സിങ്‌വിയും രംഗത്തെത്തിയിരുന്നു. ഇതിനെ പിന്തുണച്ചാണ് ശശി തരൂരും രംഗത്തെത്തിയത്.

പിന്നാലെ, മോഡിയുടെ ദുഷ്‌ചെയ്തികൾ മറച്ചുവെയ്ക്കാനാകില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തരൂരിനു മറുപടി നൽകിയത്. എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച തരൂർ, തന്നെ ആരും പഠിപ്പിക്കേണ്ടെന്നും കോൺഗ്രസിൽ മറ്റാരെക്കാളും ബിജെപിയെ എതിർക്കുന്നയാളാണു താനെന്നും അവകാശപ്പെട്ടിരുന്നു. നല്ലതു ചെയ്താൽ പറയുമെന്നും വിമർശനങ്ങൾ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘മോഡി എന്തെങ്കിലും നല്ലതു ചെയ്തിട്ടുണ്ടെങ്കിൽ അതംഗീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ വിശ്വാസ്യത കുറയും. ആവശ്യം വരുമ്പോൾ മോഡിയെ കഠിനമായി വിമർശിക്കണം. മോഡിയെ ശക്തമായി വിമർശിച്ചു പുസ്തകമെഴുതിയ ആളാണു ഞാൻ’- തരൂർ മറുപടിയിൽ പറഞ്ഞതിങ്ങനെ.

‘ഞാൻ എന്താണു പറഞ്ഞതെന്നറിയാതെ വിമർശിക്കരുത്. കേസിനെ പേടിച്ചായിരുന്നെങ്കിൽ എനിക്കു നേരത്തെ ഈ നിലപാട് എടുക്കാമായിരുന്നു. ബിജെപിക്കെതിരായ എതിർപ്പ് തുടരും.’ തരൂർ പറഞ്ഞു.

Exit mobile version