പേമാരിയിലും നാടിനെ ഇരുട്ടിലാക്കിയില്ല; കെഎസ്ഇബി ജീവനക്കാരെ ആദരിച്ച് വിദ്യാർത്ഥികൾ; സ്‌നേഹാദരത്തിന് കൈയ്യടിച്ച് നാട്ടുകാരും

ഏഴ് ട്രാൻസ്‌ഫോർമറുകൾ വെള്ളത്തിനടിയിലായപ്പോൾ ഒരു ട്രാൻസ്ഫോർമർ നിലംപൊത്തിയും വൈദ്യുതി വിതരണം തകരാറിലാക്കി.

പെരിയ: പേമാരിയായി മഴ പെയ്തിറങ്ങി ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടും കാസർകോട്ടിനെ ഇരുട്ടിലാക്കാതെ കാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട കെഎസ്ഇബി ജീവനക്കാരെ ആദരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ. പിലിക്കോട് സെക്ഷനിലെ ജീവനക്കാരെയാണ് പിലിക്കോട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ എൻഎസ്എസ് (നാഷണൽ സർവീസ് സ്‌കീം) യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചത്.

തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതോടെ കാര്യങ്കോട്, അച്ചാംതുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം വലിയ പ്രതിസന്ധിയിലായിരുന്നു. 45 വൈദ്യുത തൂണുകൾ തകരുകയും നിരവധി സ്ഥലങ്ങളിൽ വൈദ്യുതകമ്പികൾ പൊട്ടിവീണ് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ഏഴ് ട്രാൻസ്‌ഫോർമറുകൾ വെള്ളത്തിനടിയിലായപ്പോൾ ഒരു ട്രാൻസ്ഫോർമർ നിലംപൊത്തിയും വൈദ്യുതി വിതരണം തകരാറിലാക്കി. ഇതിനിടെയാണ് കനത്ത മഴ പോലും വകവെയ്ക്കാതെ പിലിക്കോട് സെക്ഷനിലെ ഉദ്യോഗസ്ഥർ കഠിനധ്വാനം നടത്തി തകരാറുകൾ പരിഹരിച്ചത്. നാട്ടിലെ വെളിച്ചം കെടാതിരിക്കാനായി ഇവർ നടത്തിയ ആത്മസമർപ്പണത്തിനെ വാനോളം വാഴ്ത്തിയാണ് വിദ്യാർത്ഥികളുടെ സ്‌നേഹാദരം നടന്നത്.

അധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തിയാണ് ജീവനക്കാരെ ആദരിച്ചത്. സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിലെ പ്രശ്‌നങ്ങൾ കേവലം നാലുദിവസങ്ങൾക്കുള്ളിലാണ് ജീവനക്കാർ പരിഹരിച്ചത്.

Exit mobile version