പ്രളയക്കെടുതിക്കിടെ കേരളത്തിനെ വലയ്ക്കാനില്ല; സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം വേണ്ടെന്ന് വിദേശത്ത് പഠനം തുടരുന്ന ആദിവാസി യുവാവ് ബിനേഷ് ബാലന്‍

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം നേടിയ ബിനേഷിന് ആദിവാസി വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് കടുത്ത ജാതീയത നേരിട്ടത് വന്‍ വിവാദമായിരുന്നു.

ലണ്ടന്‍: ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ ആന്ത്രോപോളജിയില്‍ പഠനം തുടരുന്ന കേരളത്തില്‍ നിന്നുള്ള ആദിവാസി വിദ്യാര്‍ത്ഥി ബിനേഷ് ബാലന്‍ സ്‌കാന്‍ഡിനേവിയന്‍ ഗവണ്‍മെന്റിന്റെ പിഎച്ച്ഡി ഫെല്ലോഷിപ്പിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് പിന്നാലെ, പ്രളയത്തില്‍ വലയുന്ന കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായം തുടര്‍ന്ന് കൈപ്പറ്റുന്നില്ലെന്ന് അറിയിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് ബിനേഷ് ഇക്കാര്യം അറിയിച്ചത്.

സ്‌കാന്ഡിനേവിയന്‍ ഗവണ്‍മെന്റിന്റെ NTNU – Norwegian University of Science and Technology യിലേക്ക് സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ആന്ത്രോപോളജിയില്‍ പിഎച്ച്ഡി ഫെല്ലോഷിപ്പിലേക്കാണ് ബിനേഷിനെ തിരഞ്ഞെടുത്തത്. ഇതു സംബന്ധിച്ച് ഇന്ന് അറിയിപ്പ് ലഭിച്ചുവെന്നും പിന്തുണച്ച എല്‍ഡിഎഫ് സര്‍ക്കാറിനും വകുപ്പ് മന്ത്രിക്കും നന്ദി അറിയിക്കുന്നമെന്നും ബിനേഷ് കുറിച്ചു.

നേരത്തെ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം നേടിയ ബിനേഷിന് ആദിവാസി വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് കടുത്ത ജാതീയത നേരിട്ടത് വന്‍ വിവാദമായിരുന്നു.

ലണ്ടനിലേക്കുള്ള യാത്രാച്ചെലവിനായും മറ്റും സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്കായി നിരവധി തവണയാണ് ബിനേഷിന് സെക്രട്ടേറിയറ്റ് കയറിയിറങ്ങേണ്ടി വന്നത്. പിന്നീട്, ആദിവാസി ക്ഷേമമന്ത്രി എകെ ബാലന്‍ ഇടപെട്ടാണ് ഫയലുകള്‍ പെട്ടെന്ന് തീര്‍പ്പാക്കിയത്.

Exit mobile version