‘ഉരുള്‍പൊട്ടുന്ന ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നു; ഒപ്പമുണ്ടായവരെ പിന്നെ കണ്ടില്ല’; പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ ഭീതിമാറാതെ ജനങ്ങള്‍

പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മേപ്പാടി ക്യാമ്പില്‍ കഴിയുന്ന അമ്മമാരുടെ വാക്കുകളാണിവ

കല്‍പ്പറ്റ: ‘വീട്ടില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഉഗ്രശബ്ദം കേട്ടത്, ഉരുള്‍പൊട്ടുന്ന ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നു, രക്ഷപ്പെടുമെന്ന് പോലും കരുതിയില്ല. ഒപ്പം കുറേപ്പേര്‍ ഉണ്ടായിരുന്നു എന്നാല്‍ അവരെപ്പലരെയും പിന്നെ കണ്ടിട്ടില്ല’. പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മേപ്പാടി ക്യാമ്പില്‍ കഴിയുന്ന അമ്മമാരുടെ വാക്കുകളാണിവ.

പ്രളയജലം സകലതും കൊണ്ടുപോയി. ഒപ്പം പ്രിയപ്പെട്ടവരെയും, ഒരു ചെരുപ്പുപോലുമില്ലാതെയാണ് മക്കളെയുമെടുത്ത് ഓടിയതെന്നും ഇനിയും ഭീതി മാറാത്ത സ്വരത്തില്‍ അവര്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ടടോടെയാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ വയനാടിന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിന്റെ ഒന്നാംവര്‍ഷമാവുമ്പോഴേക്കും കനത്തമഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും വീണ്ടും വയനാടിനെ ദുരന്തമുഖത്തെത്തിച്ചു. വൈകീട്ട് അഞ്ചരയോടെ മേപ്പാടി പുത്തുമലയിലയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. മുസ്ലിം പള്ളി, അമ്പലം, തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എന്നിവ ഒലിച്ചുപോയി.

ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ടാണ് പലരും ഉറ്റവരുടെ കൈയ്യും പിടിച്ച് കൊണ്ട് ഓടിയത്. എന്നാല്‍ രക്ഷപ്പെടുന്നതിനിടയിലും സംഭവം അറിയാതെയും പലരും അപകടത്തില്‍പെട്ടു. ഒപ്പമുണ്ടായിരുന്നവരെ പിന്നീട് കണ്ടില്ലെന്നും രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു. സ്ഥലത്ത് 2പാടികളുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം 50 തോളം ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ എത്രപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന കണക്കുകള്‍ ഇതുവരെയും വ്യക്തമല്ല. പുത്തുമലയില്‍ മാത്രം 450 തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ പറഞ്ഞു. ഇത് കൂടാതെ ചൂരല്‍മല ഹൈസ്‌കൂള്‍, മുണ്ടക്കൈയില്‍, ഏലവയല്‍ എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

പ്രദേശത്തെ മൂന്നു കോണ്ക്രീറ്റ് പാലങ്ങളും ഒരു കാറും ഒലിച്ചുപോയി. ഈ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടോയെന്ന കാര്യവും വ്യക്തമല്ല. തൊഴിലാളികളെ കൂടാതെ ഉരുള്‍പൊട്ടല്‍ കാണാന്‍ നിന്നവരും അപകടത്തില്‍പ്പെട്ടെന്ന് സൂചനയുണ്ട്. ക്യാമ്പില്‍ രക്ഷപ്പെട്ടെത്തിയ പലരും വലിയ മാനസികാഘാതത്തിലാണെന്ന് ക്യാമ്പിലെ ഡോക്ടര്‍ പറഞ്ഞു. അപകടസ്ഥലത്തേക്ക് എത്തിപ്പെടാനുള്ള വഴിയും ചെറുപാലങ്ങളും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകാനുള്ള പ്രധാന കാരണം.

Exit mobile version