ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് സുഹൃത്തുക്കള്‍, മൂന്ന് പേര്‍ അറസ്റ്റില്‍

അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം സുഹൃത്തുകള്‍ അടിപ്പാതയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

ന്യൂഡല്‍ഹി: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് സുഹൃത്തുക്കള്‍. സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലാണ് സംഭവം.

നാലു സുഹൃത്തുക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഈ കുട്ടിയാണ് പിന്നീട് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം സുഹൃത്തുകള്‍ അടിപ്പാതയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് പിന്നീട് മരണം സംഭവിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

പരിക്കേറ്റ കുട്ടിയെ ആ ഓട്ടോറിക്ഷയില്‍ തന്നെ സുഹൃത്തുക്കള്‍ കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം, വിവേക് വിഹാര്‍ മേഖലയിലെ അടിപ്പാതയില്‍ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൂന്ന് സുഹൃത്തുക്കളില്‍ ഒരാളാണ് ഓട്ടോറിക്ഷയുടെ ഉടമ.

Exit mobile version