സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തു; 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം, സുഹൃത്തുക്കള്‍ അറസ്റ്റില്‍

റിക്ഷാ ഡ്രൈവറായ ജയ് സിംഗിനെ ശില്‍പ്ഗ്രാമിന് സമീപം റോഡരികില്‍ അബോധാവസ്ഥയില്‍ മകന്‍ കണ്ടെത്തുകയായിരുന്നു.

alcohol

ആഗ്ര: സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം. അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരനായ ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്. 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണകാരണം.

സംഭവത്തില്‍ ഭോലാ, കേശവ് എന്നിങ്ങനെ ജയ് സിംഗിന്റെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഫെബ്രുവരി എട്ടിനാണ് സംഭവം നടന്നത്. റിക്ഷാ ഡ്രൈവറായ ജയ് സിംഗിനെ ശില്‍പ്ഗ്രാമിന് സമീപം റോഡരികില്‍ അബോധാവസ്ഥയില്‍ മകന്‍ കണ്ടെത്തുകയായിരുന്നു. ആദ്യം സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ രണ്ട് ആരോഗ്യ കേന്ദ്രങ്ങളും തയ്യാറായില്ലെന്ന് പരാതിയുണ്ട്.

എസ്എന്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് ജയ് മരിച്ചത്. ജയ് മരിച്ചതിന് ശേഷം പോലീസില്‍ പരാതി നല്‍കരുതെന്ന് സുഹൃത്തുക്കള്‍ രണ്ട്‌പേരും സമ്മര്‍ദ്ദം ചെലുത്തിയെന്ന് സഹോദരന്‍ സുഖ്ബീര്‍ സിംഗ് ആരോപിച്ചു. ഒടുവില്‍ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പരാതി നല്‍കിയത്.

പത്ത് വര്‍ഷത്തിലധികമായി ജയ്, ഭോലാ, കേശവ് എന്നിവര്‍ സുഹൃത്തുക്കളാണ്. ഒരു ക്വാര്‍ട്ടര്‍ മദ്യമെന്ന് പറയുന്നത് 180 മില്ലി ലിറ്ററാണ്. മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചാല്‍ മൊത്തം പണവും കൊടുക്കാമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതോടെ ജയ് സിംഗ് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

Exit mobile version