മർദ്ദിച്ച് അവശനാക്കി റിക്ഷാതൊഴിലാളിയെ കൊണ്ട് ‘ജയ്ശ്രീറാം’ വിളിപ്പിച്ച യുവാക്കൾ അറസ്റ്റിൽ; പ്രതികളെ വിട്ടയക്കാൻ സ്റ്റേഷൻ ഉപരോധിച്ച് ബജ്‌റംഗ്ദൾ; ഉത്തർപ്രദേശിലെ ദൃശ്യങ്ങൾ രാജ്യത്തിന് നാണക്കേട്

kanpur attack

കാൺപൂരിൽ: ഓട്ടോറിക്ഷാ തൊഴിലാളിയെ മർദ്ദിച്ച് അവശനാക്കി നിർബന്ധിച്ച് ജയ്ശ്രീറാം വിളിപ്പിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരത. ഉത്തർപ്രദേശിലെ കാൺപൂരിലാണ് മുസ്‌ലിം മതവിശ്വാസിയായ തൊഴിലാളിയെ ആക്രമിച്ചത്. കേസിൽ മൂന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെയാണ് നാൽപത്തിയഞ്ചുകാരനായ റിക്ഷാതൊഴിലാളിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

പിതാവിനെ മർദ്ദിക്കുന്നത് തടയാൻ ബാലികയായ മകൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാൺപൂർ നഗരത്തിൽ പട്ടാപ്പകലായിരുന്നു ബജ്‌റംഗദൾ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. 45 വയസ്സുകാരനായ മുസ്‌ലിം റിക്ഷാ തൊഴിലാളിയെ മർദ്ദിക്കുന്നതും ജയ് ശ്രീ റാം മുദ്രാവാക്യം വിളിപ്പിച്ച് നഗരമധ്യത്തിലൂടെ നടത്തിക്കുന്നതും ദൃശ്യത്തിലുണ്ട്. തന്റെ പിതാവിനെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്ന മകളുടെ ദൃശ്യവും കരളലിയിപ്പിക്കുന്താണ്.

ഒടുവിൽ പോലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. റിക്ഷാ തൊഴിലാളിയുടെ പരാതിയെ തുടർന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുൽ, അമൻ, രാജേഷ് എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. പിന്നീട് ഈ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബജ്‌റംഗദൾ പ്രവർത്തകർ ഇന്നലെരാത്രി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഹിന്ദു സ്ത്രീയെ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിൽ കാൺപൂരിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ബജ്‌റംഗ്ദൾ പ്രവർത്തകർ നഗരത്തിൽ അഴിഞ്ഞാട്ടം നടത്തിയത്.

Exit mobile version