ഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, വീഡിയോ കോള്‍ വഴി മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

മുത്തലാഖിലൂടെയുള്ള വിവാഹമോചനം നിലവില്‍ നിയമവിരുദ്ധമാണ്.

ലക്‌നൗ: അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വീഡിയോ കോളിലൂടെ മുത്തലാഖ് ചൊല്ലി. ഭാര്യയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് സൗദി അറേബ്യയിലുള്ള ഭര്‍ത്താവ് സലീം ഭാര്യയുടെ പുരികം ത്രെഡ് ചെയ്തത് ശ്രദ്ധിക്കുന്നത്. തന്റെ അനുവാദമില്ലാതെ എന്തിനാണ് ഇതു ചെയ്തതെന്നു ചോദിച്ച് ഭര്‍ത്താവ് വീഡിയോ കോളിലൂടെ തന്നെ മുത്തലാഖ് ചൊല്ലുകയായിരുന്നു.

ഒക്ടോബര്‍ നാലിനാണ് സംഭവം നടന്നത്. കാന്‍പുര്‍ സ്വദേശിനിയായ ഗുല്‍സബ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്നും യുവതി പോലീസില്‍ പരാതി നല്‍കി. മുസ്‌ലിം വിവാഹ നിയമ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

2022ലാണ് ഗുല്‍സബയും മുഹമ്മദ് സലീമും തമ്മിലുള്ള വിവാഹം നടന്നത്. മുസ്‌ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം സലീമിനെതിരെ കേസെടുത്തു. മുത്തലാഖിലൂടെയുള്ള വിവാഹമോചനം നിലവില്‍ നിയമവിരുദ്ധമാണ്.

Exit mobile version