മുന്‍ ഡിജിപിയുടെ വീട്ടിലെ ഒന്നര ലക്ഷം രൂപയുടെ ബോണ്‍സായി മോഷ്ടിച്ചു; സിസിടിവിയില്‍ നിന്നും കള്ളനെ പൊക്കി

ഹൈദരാബാദ്: മുന്‍ ഡിജിപിയുടെ വീട്ടില്‍ നിന്നും അപൂര്‍വ്വ ഇനം ബോണ്‍സായി ചെടി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് മോഷണം നടന്നത്. മുന്‍ ഡിജിപി വി അപ്പാറാവുവിന്റെ വീട്ടില്‍ നിന്നാണ് 15 വര്‍ഷം പഴക്കമുള്ള കാസുവാരിന ബോണ്‍സായി മോഷ്ടിച്ചത്. ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന അപൂര്‍വയിനം ബോണ്‍സായി ആണിത്.

ഗൊല്ലാപുടി പ്രസന്നഞ്ജനേയുലു, അഭിഷേക് എന്നിവരാണ് പ്രതികള്‍. അഭിഷേക് ഇപ്പോഴും ഒളിവിലാണ്. പ്രസന്നഞ്ജനേയുലു കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. ഐപിസി സെക്ഷന്‍ 379 പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പൂന്തോട്ടക്കാരന്‍ ചെടി നനയ്ക്കാന്‍ എത്തിയപ്പോഴാണ് ബോണ്‍സായി മോഷ്ടിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ പൊതുവായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പ്രതിയുടെ ദൃശ്യം വ്യക്തമായിരുന്നു.

അപ്പാ റാവുവിന്റെ ഭാര്യ ശ്രീദേവി പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണം നടത്തിയത്. പരാതി നല്‍കി നാല് ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെടി യാതൊരു പ്രശ്നവും കൂടാതെ പ്രതികളില്‍ നിന്ന് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.

Exit mobile version