ആര്‍ക്കാണ് ഹൈദരാബാദിന്റെ പേര് മാറ്റേണ്ടത്? അവരുടെ പേരാണ് ആദ്യം മാറ്റാന്‍ പോവുന്നത്; യോഗി ആദിത്യനാഥിന് ചുട്ടമറുപടിയുമായി ഒവൈസി

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര് എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. യോഗിക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎംഐഎം പ്രസിഡന്റ് അസദുദീന്‍ ഒവൈസി.

ഹൈദരാബാദിന്റെ പേര് മാറ്റേണ്ടവരുടെ പേരുകളാണ് മാറ്റാന്‍ പോവുന്നതെന്ന് ഒവൈസി പ്രതികരിച്ചു. അതേസമയം, യോഗി ആദിത്യനാഥിന്റെ പേര് പരാമര്‍ശിക്കാതെയാണ് ഒവൈസിയുടെ പ്രതികരണം. തെലങ്കാനയില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് കഴിഞ്ഞദിവസമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്. അടുത്തയാഴ്ച നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് യോഗി ഹൈദരാബാദിന്റെ പേരുമാറ്റുന്ന കാര്യം പറഞ്ഞത്.

ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സാധിക്കുമോ എന്ന് ചില ആളുകള്‍ തന്നോട് ചോദിച്ചു. എന്തുകൊണ്ട് സാധിക്കില്ലെന്ന് അവരോട് താന്‍ ചോദിച്ചു. ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു.

പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്. നാടിന്റെ പേര് മാറ്റേണ്ടവര്‍ക്ക് നിങ്ങള്‍(ജനങ്ങള്‍) ഉത്തരം നല്കണമെന്നും ഒവൈസി പറഞ്ഞു.

ഹൈദരാബാദിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് തോന്നുന്നില്ല, ഞങ്ങള്‍ പ്രധാനമന്ത്രിയെ ആണ് തിരഞ്ഞെടുക്കുന്നത് എന്ന പ്രതീതിയാണ് ഇവിടെയുള്ളത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് മാത്രമാണ് ഒഴിവായിട്ടുള്ളതെന്നും ഒവൈസി പരിഹസിച്ചു.

Exit mobile version