വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ചിരി നന്നാക്കാനുള്ള ചികിത്സയ്ക്കിടെ യുവാവ് മരണപ്പെട്ടു; ക്ലിനിക്കിനെതിരെ പിതാവിന്റെ പരാതി

ഹൈദരാബാദ്: ഡന്റൽ ക്ലിനികിൽ വെച്ച് നടത്തിയ ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചതായി പരാതി. ലക്ഷ്മി നാരായണ വിൻജം എന്ന 28കാരനാണ് മരണപ്പെട്ടത്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രതിശ്രുത വരന്റെ മരണം.

ഹൈദരാബാദ് ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇന്റർനാഷനൽ ഡന്റൽ ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. യുവാവിന്റെ മരണത്തിന് പിന്നാലെ പിതാവ് ക്ലിനികിന് എതിരെ പരാതി നൽകി. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നൽകിയ അനസ്‌തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് പിതാവ് രാമുലു വിൻജം ആരോപിച്ചു.

ശസ്ത്രക്രിയക്കിടെ മകന് ബോധക്ഷയമുണ്ടായതിനെ തുടർന്ന് ജീവനക്കാർ വിളിച്ച് ക്ലിനിക്കിലേക്ക് വരാൻ പറയുകയായിരുന്നു. തങ്ങൾ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവിന് മരണം സംഭവിക്കുകയായിരുന്നു.

ALSO READ- ബില്ലടച്ചില്ല; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി; ഇരുട്ടിലായ ഓഫീസുകളിൽ പ്രവർത്തനങ്ങൾ അവതാളത്തിലായി

മകന് ശാരീരിക പ്രയാസങ്ങളൊന്നുമില്ലാത്തതിനാൽ ശസ്ത്രക്രിയയുടെ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ ക്ലിനിക്കിനെതിരെ കേസെടുത്തു.

Exit mobile version