‘അഞ്ചാംനിലയിലെ പാരപ്പറ്റിൽ ഫോൺ നോക്കി ഇരുന്നു’; നിമിഷങ്ങൾക്കുള്ളിൽ നിലത്തേക്ക്; ക്യാംപസിനെ നടുക്കി എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ

ഹൈദരാബാദ്: കോളേജ് ക്യാപസിൽ അഞ്ചാംനിലയിൽ നിന്നും താഴേക്ക് ചാടി ബിടെക്ക് വിദ്യാർത്ഥിനി ജീവനൊടുക്കി. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സർവകലാശാല കാംപസിലെ കോളേജിന്റെ കെട്ടിടത്തിന് മുകളിൽ നിന്നാണ് ഒന്നാംവർഷ ബിടെക്ക് വിദ്യാർഥിനിയായ രേണുശ്രീ(18) ചാടി മരിച്ചത്.വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം.

മറ്റുവിദ്യാർഥികൾ നോക്കിനിൽക്കേയായിരുന്നു രേണുശ്രീ താഴേക്ക് എടുത്തുചാടിയത്. രേണുശ്രീ അഞ്ചാംനിലയിലെ പാരപ്പറ്റിൽ ഇരിക്കുന്നത് വിദ്യാർഥികൾ കണ്ടിരുന്നു. ഇവർ ബഹളം വെയ്ക്കുകയും രേണുശ്രീയോട് താഴെയിറങ്ങാനും ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി മൊബൈൽ ഫോൺ നോക്കി ഇരിക്കുകയായിരുന്നു.

രേണുശ്രീയെ രക്ഷിക്കാനായി ചില വിദ്യാർഥികൾ താഴെനിന്നും അഞ്ചാംനിലയിലേക്ക് ഓടിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ രേണുശ്രീ അഞ്ചാം നിലയിൽനിന്ന് എടുത്തുചാടുകയായിരുന്നു. താഴേക്ക് പതിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻതന്നെ കൂടിനിന്നവർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രേണുശ്രീ യെല്ലമ്മബണ്ട സ്വദേശിനിയാണ്. മൂന്നുമാസം മുൻപാണ് സർവകലാശാലയിൽ കംപ്യൂട്ടർ എൻജിനീയറിങ് കോഴ്സിന് ചേർന്നത്. പെൺകുട്ടി താഴേക്ക് ചാടുന്നതിന് മുൻപ് നോക്കിയിരുന്ന മൊബൈൽഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ- എല്ലാം ശടപടേ… ന്ന് ! രാഷ്ട്രീയത്തിൽ ചേർന്ന് പത്താം നാൾ മനംമാറ്റം; വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന ക്രിക്കറ്റർ അമ്പാട്ടി റായ്ഡു പാർട്ടിവിട്ടു

ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. കൂടാതെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നു പോലീസ് അറിയിച്ചു. വിദ്യാർഥിനി താഴേക്ക ചാടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃക്‌സാക്ഷികളായ വിദ്യാർഥികൾ പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version