തിരിച്ചടിക്കാന്‍ സജ്ജരായിരിക്കണം: സൈന്യത്തിന് 500 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി

ന്യൂഡല്‍ഹി: സൈന്യത്തിന് 500 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കാന്‍ സേനാമേധാവിമാര്‍ക്ക് പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

അടിയന്തര ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ആയുധങ്ങള്‍ വാങ്ങാനാണ് സൈന്യത്തിന് അനുമതി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സേനാമേധാവിമാരെയും സംയുക്ത മേധാവിയെയും കണ്ടു. കിഴക്കന്‍ ലഡാക്കിലെ തുടര്‍ പ്രതിരോധനീക്കങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്ന് സേനാവിഭാഗങ്ങളോടും സജ്ജരായിരിക്കാനും ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കാനും നിര്‍ദേശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ 75ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലേയ്ക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായാണ് രാജ്‌നാഥ് സിങ് സേനാമേധാവികളെ കണ്ട് കാര്യങ്ങള്‍ വിലയിരുത്തിയത്.

പ്രകോപനമുണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കേണ്ട. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നീക്കം നടത്താന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. 500 കോടി രൂപവരെയുള്ള ആയുധ ഇടപാടുകള്‍ക്കാണ് സൈന്യത്തിന് അധികാരം നല്‍കിയത്. ചൈനയുടെ നാല്‍പ്പതിലധികം സൈനികര്‍ കൊല്ലപ്പെട്ടതായി കരസേന മുന്‍മേധാവിയും കേന്ദ്രമന്ത്രിയുമായ വികെ സിങ് പറയുന്നത്.

Exit mobile version