കൊവിഡ് പ്രതിരോധം: കേരള പോലീസിന് ആദരം അര്‍പ്പിച്ച് സൈന്യം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ മുന്നിരയില്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ നടന്ന ചടങ്ങില്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കേക്ക് സമ്മാനിച്ചു. സൈന്യത്തിന്റെ വകയായി ഗ്ലൗസ്, മാസ്‌ക്, കുട്ടികള്‍ വരച്ച ആശംസാകാര്‍ഡുകള്‍ എന്നിവയും സൈന്യം പോലീസിന് കൈമാറി.

കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയ്‌ക്കൊപ്പം പോലീസിന്റെ പ്രവര്‍ത്തനം ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി പറഞ്ഞു.

വൈറസിനെ ചെറുക്കുന്നതിലും ലോക്ഡൗണ്‍ നടപ്പാക്കുന്നതിലും പോലീസ് സേന വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. രാജ്യത്തെങ്ങും പോലീസിനെ ആദരിക്കുന്നതിന് മുന്‍കൈയെടുത്ത സൈന്യത്തെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദനം അറിയിച്ചു.മുതിര്‍ന്ന പോലീസ്, സൈനിക ഉദ്യോഗസ്ഥന്മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Exit mobile version