രാത്രിയില്‍ ജോലി കഴിഞ്ഞ് 10 കിലോമീറ്റര്‍ ഓട്ടം: 19കാരന്‍ പ്രദീപ് ഓടുന്നത് സൈനിക സ്വപ്‌നത്തിലേക്ക്; കൈയ്യടിച്ച് സോഷ്യല്‍ ലോകം

ന്യൂഡല്‍ഹി:അര്‍ധരാത്രി നോയ്ഡയിലെ തെരുവില്‍ ബാഗും തൂക്കി ഓടുന്ന ഒരു കൗമാരക്കാരന്‍ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ 19കാരനായ പ്രദീപ് മെഹ്‌റയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് 10 കിലോമീറ്റര്‍ ദൂരം ഓടുന്നത്.

സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് 50 ലക്ഷത്തിലധികം കാണികളിലേക്ക് ഈ യുവാവ് ഓടി കയറി.

തന്റെ കാറില്‍ കയറിക്കോളൂ എന്നുള്ള കാപ്രിയുടെ വാഗ്ദാനം നിരസിച്ച് അവന്‍ ഓട്ടം തുടരുകയാണ്. പല തവണ നിര്‍ബന്ധിച്ചെങ്കിലും ചെറുപ്പക്കാരന്‍ താന്‍ ഓടിക്കൊള്ളാമെന്നും ഇത് എല്ലാ ദിവസവും ചെയ്യുന്നതാണെന്നും പറയുന്നു. എന്തിനാണ് ഇങ്ങനെ ഓടുന്നതെന്ന് ചോദിച്ചപ്പോള്‍ പ്രദീപിന്റേത് ആശ്ചര്യപ്പെടുത്തുന്ന മറുപടി.

”എനിക്ക് സൈന്യത്തില്‍ ചേരണം… പരിശീലനത്തിന്റെ ഭാഗമാണ് ഇത്. നോയിഡയിലെ മക്ഡൊണാള്‍ഡ്സ് സെക്ടര്‍ 16ലെ ഷിഫ്റ്റ് കഴിഞ്ഞ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓടുകയായിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. 10 കിലോമീറ്ററിലേറെ ദൂരം ഓടിയാണ് വീട്ടില്‍ പോവുക. അമ്മ രോഗബാധിതയായി ആശുപത്രിയിലാണ്. ചേട്ടനൊപ്പമാണ് ഇപ്പോള്‍ താമസം. ആഹാരം ഉണ്ടാക്കേണ്ടതിനാല്‍ രാവിലെ വ്യായാമം ചെയ്യാന്‍ സമയമില്ലെന്നും അതിനാലാണ് രാത്രി ഓടുന്നത്” പ്രദീപ് പറയുന്നു.

എന്തെങ്കിലും അത്യാവശ്യം കൊണ്ടാണ് യുവാവ് ഓടുന്നത് എന്നു കരുതിയാണ് വിനോദ് കാപ്രി ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. ഇത് നിരസിച്ചതോടെയാണ് വിനോദ് കാരണം ചോദിച്ചറിഞ്ഞത്.


ട്വിറ്ററില്‍ ലക്ഷക്കണക്കിന് ആളുകളാണ് കാപ്രി പങ്കിട്ട വീഡിയോ കണ്ടിരിക്കുന്നത്.
കാറോടിക്കുന്നതിനിടയില്‍ പ്രദീപിനോട് സംസാരിക്കുന്ന വീഡിയോയും കാപ്രി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതാണ് യഥാര്‍ഥ സ്വര്‍ണം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നാല് മില്ല്യണിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. വീഡിയോ കണ്ടവരെല്ലാം പ്രദീപിനെ അഭിനന്ദനം കൊണ്ടുമൂടുകയാണ്. ഇന്ത്യയുടെ ഭാവി ഈ വലിയ കൈകളിലാണെന്നും പ്രദീപ് അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് കമന്റുകള്‍.

Exit mobile version