മഞ്ഞ് വീണ് റോഡ് ബ്ലോക്കായി; സൈനികവാഹനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

കാശ്മീര്‍: മഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടതോടെ ആശുപത്രിയിലെത്താന്‍ സാധിക്കാതെ വന്ന ഗര്‍ഭിണി സൈനിക വാഹനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി. കാശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം നടന്നത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആര്‍മിയുടെ ആംബുലന്‍സിലാണ് യുവതി പ്രസവിച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

റോഡ് ബ്ലോക്കായതോടെ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായതോടെ പ്രദേശത്തെ ആശാവര്‍ക്കറാണ് സൈന്യത്തിന്റെ സഹായം തേടിയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില മോശമായതോടെ ആശാവര്‍ക്കര്‍ തന്നെ പ്രസവമെടുക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് പ്രസവവേദനയെത്തിയ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ അടിയന്തര സഹായം അഭ്യര്‍ഥിച്ച് കാലാറൂസ് കമ്പനി കമാന്‍ഡറിന് ഫോണ്‍ വിളിയെത്തുന്നത്. മഞ്ഞുമൂടി റോഡുകളെല്ലാം അടഞ്ഞതിനാല്‍ ആംബുലന്‍സിന് പ്രദേശത്തേക്ക് എത്തിപ്പെടാന്‍ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ സഹായ അഭ്യര്‍ഥന ലഭിച്ച ഉടന്‍തന്നെ സൈനിക ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ സംഘത്തേയും സൈനിക വാഹനത്തേയും പ്രദേശത്തേക്ക് അയച്ചു.

യുവതിയുമായി സൈനിക വാഹനം ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും യാത്രാമധ്യേ ആരോഗ്യനില മോശമായതോടെ വാഹനം ഒതുക്കിനിര്‍ത്താന്‍ ആശാവര്‍ക്കര്‍ ആവശ്യപ്പെട്ടു. മറ്റു വഴികളില്ലാത്തതിനാല്‍ സൈനിക മെഡിക്കല്‍ ടീമിന്റെ സഹായത്തോടെ വാഹനത്തിനുള്ളില്‍വെച്ച് ആശാവര്‍ക്കര്‍ തന്നെ യുവതിയുടെ പ്രസവമെടുത്തു.

പിന്നാലെ യുവതിയേയും കുട്ടിയേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷിതമായി കുഞ്ഞിന് ജന്‍മം നല്‍കിയ യുവതിക്കും കുടുംബത്തിനും സൈന്യം സമ്മാനങ്ങള്‍ നല്‍കി. പ്രതികൂല സാഹചര്യത്തിലും ആശാപ്രവര്‍ത്തകയുടെ ധീരമായ ഇടപെടലിനെ കമ്പനി കമാര്‍ഡര്‍ അഭിനന്ദിക്കുകയും ചെയ്തു.

Top stories

Roads Blocked By Snow, Woman Gives Birth In Army Vehicle In J&K

Exit mobile version