കൊവിഡ് 19 വൈറസ് ഭീതി; ആര്‍മിയിലെ 35 ശതമാനം ഓഫീസര്‍മാര്‍ക്കും ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി സൈന്യവും. രാജ്യത്തെ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 35 ശതമാനം ഓഫീസര്‍മാര്‍ക്കും ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാര്‍ച്ച് 23 മുതലാണ് ഇത് പ്രാബലത്തില്‍ വരിക. ഇവര്‍ക്ക് പുറമെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരിലെ 50 ശതമാനം ഓഫീസര്‍മാര്‍ക്കും ഇതേ രീതിയില്‍ ജോലി ചെയ്യനാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 30 മുതലാണ് അടുത്ത ഘട്ടത്തിലെ ഓഫീസര്‍മാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ഓഫീസര്‍മാരുമായി ആര്‍മി ചീഫ് എംഎം നവരാനെ ചര്‍ച്ച നടത്തിയിരുന്നു.

വൈറസിന്റെ വ്യാപനം തടയുന്നതിന്റെ മുന്‍കരുതലിന്റെ ഭാഗമായി ആളുകള്‍ കുട്ടം കൂടി നില്‍ക്കരുതെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാനാണ് ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് ആര്‍മി അധികൃതര്‍ വര്‍ക്ക് ഫ്രം ഹോമിനെ കുറിച്ച് പറഞ്ഞത്.

അതേസമയം സൈന്യവുമായി ബന്ധപ്പെട്ട എല്ലാ കോണ്‍ഫറന്‍സുകളും സെമിനാറുകളും ഏപ്രില്‍ 15 വരെ മാറ്റിവെച്ചിരിക്കുകയാണ്. ഇനിയൊരറിയിപ്പുണ്ടാകും വരെ പരിശീലന പരിപാടികളൊന്നും നടത്തരുതെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ രാജ്യത്തെ ഒരു ജവാന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ലഡാക് സ്‌കൗട്ടിലെ 34 കാരനായ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ സൈനികന്റെ പിതാവില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പടര്‍ന്നത്.

Exit mobile version