അതിരില്ലാത്ത മനുഷ്യസ്‌നേഹം! പണം പിരിച്ച് നൽകി ചെന്നൈയിലെ സംഘടന; പാകിസ്താനി പെൺകുട്ടിക്ക് ഇന്ത്യയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ

ചെന്നൈ: മനുഷ്യസ്‌നേഹത്തിന് മുന്നിൽ അതിർത്തികൾ മായ്ഞ്ഞപ്പോൾ പാക്‌സിതാനി പെൺകുട്ടിക്ക് ഇന്ത്യയിൽ പുതുജീവൻ. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ആയിഷ റെഷാൻ(19) എന്ന പാകിസ്താനി സ്വദേശിനിക്കാണ് ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌കമരണം സംഭവിച്ച ഡൽഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷയ്ക്ക് മാറ്റിവെച്ചത്.

ഹൃദോഗം ബാധിച്ച് ഇന്ത്യയിൽ ചികിത്സയ്ക്ക് എത്തിയ ആയിഷയുടെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. പെൺകുട്ടിയുടെ ഹൃദയം മാറ്റവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള പണം കുടുംബത്തിന് താങ്ങാനാകാതെ വന്നതോടെ സഹായവുമായി ചെന്നൈയിലെ സന്നദ്ധസംഘടനയും ഡോക്ടർമാരടക്കമുള്ളവരും എത്തുകയായിരുന്നു. ഇവർ ചേർന്ന് പണം സ്വരൂപിച്ചാണ് ആയിഷയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

2019-ലാണ് ആയിഷ ആദ്യമായി ഇന്ത്യയിൽ ചികിത്സയ്ക്കെത്തിയത്. ചെന്നൈ അഡയാറിലെ ആശുപത്രിയിൽ ഡോ. കെആർ ബാലകൃഷ്ണനായിരുന്നു ചികിത്സിച്ചത്. ഹൃദയം മാറ്റിവെക്കൽ ആവശ്യമായതിനാൽ അപേക്ഷ നൽകി കാത്തിരിക്കയായിരുന്നു ആയിഷ. ഇന്ത്യയിൽ അവയവദാനത്തിന് മുൻഗണന സ്വദേശികൾക്കായതിനാൽ ദാതാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ALSO READ- ‘മഞ്ഞുമ്മൽ ബോയ്‌സ്’ വിജയം മുതലെടുത്ത് ‘വർഷങ്ങൾക്ക് ശേഷം’ നിർമാതാവ്; തമിഴ്‌നാട്ടിൽ റിലീസ് ചെയ്യാൻ ചോദിച്ചത് 15 കോടി; ആരോപണം

തുടർന്ന് ഈയടുത്ത് മസ്തിഷ്‌കമരണം സംഭവിച്ച 69-കാരന്റെ ഹൃദയം മറ്റാർക്കും യോജിക്കാതെ വന്നപ്പോൾ ആയിഷയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. ഈ സമയത്ത് ചികിത്സച്ചെലവിനുള്ള 35 ലക്ഷത്തോളം രൂപ കണ്ടെത്താൻ കുടുംബത്തിന് സാധിച്ചതുമില്ല.

ഇതോടെയാണ് സന്നദ്ധ സംഘടനയായ ഐശ്വര്യ ട്രസ്റ്റും ഡോക്ടർമാരും ഹൃദയം മാറ്റിവെക്കലിന് വിധേയരായ മുൻരോഗികളും പണം സംഭാവനചെയ്ത് പെൺകുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ആയിഷ കഴിഞ്ഞദിവസം ആശുപത്രി വിട്ടു.

Exit mobile version