ആര്‍മിയിലുള്ള സ്ത്രീകള്‍ക്ക് ബൂട്‌സിന് പകരം ഹൈ ഹീല്‍സ് : ഉക്രൈനില്‍ വിവാദം പുകയുന്നു

Ukraine | Bignewslive

കൈവ് : ആര്‍മിയിലുള്ള സ്ത്രീകളെ ബൂട്‌സിന് പകരം ഹൈ ഹൈഹീല്‍സ് ധരിപ്പിച്ച് മാര്‍ച്ച് ചെയ്യിപ്പിക്കാനുള്ള ഉക്രൈന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീ-പുരുഷ തുല്യത നടപ്പാക്കേണ്ടത് ഇങ്ങനെയല്ലെന്നും സ്ത്രീകളെ ബൂട്‌സിന് പകരം ഹൈഹീല്‍സ് ധരിപ്പിക്കുന്നത് സെക്‌സിസം ആണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 24 ന് ഉക്രൈന്‍ സ്വാതന്ത്ര്യദിനത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മിലിറ്ററി പരേഡിലാണ് സ്ത്രീകളെ ഹൈഹീല്‍സ് ഷൂസ് ധരിപ്പിച്ച് മാര്‍ച്ച് ചെയ്യിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഹൈഹീല്‍സില്‍ മാര്‍ച്ച് പരിശീലനം നടത്തുന്ന സൈനികരുടെ ഫോട്ടോ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹീല്‍സിലുള്ള പരേഡ് തികച്ചും അപമാനകരമാണെന്നും സര്‍ക്കാരിന് നൂറ്റാണ്ടുകള്‍ക്ക് പുറകിലുള്ള കാലത്തെ മാനസികനിലവാരമാണുള്ളതെന്നും കമന്റേറ്റര്‍ വിറ്റലി പോര്‍ട്ട്‌നിക്കോവ് വിമര്‍ശിച്ചു.

പുരുഷന്‍മാര്‍ക്ക് ബൂട്‌സും സ്ത്രീകള്‍ക്ക് ഹൈഹീല്‍ഡ് ഷൂസും ഏര്‍പ്പെടുത്തുന്നതല്ല തുല്യത എന്നും ഇത് സെക്‌സിസം മാത്രമാണെന്നും പ്രതിപക്ഷാംഗം ഇറിന ജെറാഷ്‌നിക്കോ തുറന്നടിച്ചു. അനുയോജ്യമായ രക്ഷാകവചങ്ങളുള്ള യൂണിഫോം തയ്യാറാക്കുന്നതിന് പകരം എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഹൈഹീല്‍സ് തിരഞ്ഞെടുത്തതെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏകദേശം മുപ്പതിനായിരത്തിന് മുകളില്‍ സ്ത്രീകളാണ് ഉക്രൈന്‍ സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നത്. ഓഫീസര്‍ തസ്തികകളില്‍ മാത്രമായി നാലായിരത്തോളം സ്ത്രീകളുണ്ട്.

Exit mobile version