മാമ്പഴം വേണമെന്ന് പറഞ്ഞെത്തി; വഴിയോരത്ത് കച്ചവടം നടത്തുന്ന യുവതിയെ കബളിപ്പിച്ച് പണം തട്ടി യുവാവ്

റോഡരികില്‍ പഴ കച്ചവടം നടത്തുകയായിരുന്ന പഴനി സ്വദേശി ജ്യോതിമണിയെ കബളിപ്പിച്ച് 5000 രൂപയാണ് യുവാവ് തട്ടിയെടുത്തത്.

തൃശ്ശൂര്‍: വഴിയോരത്ത് പഴങ്ങള്‍ കച്ചവടം നടത്തുന്ന തമിഴ് സ്ത്രീയെ കബളിപ്പിച്ച് യുവാവ് പണം തട്ടിയതായി പരാതി. ചെന്ത്രാപ്പിന്നി സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപമാണ് സംഭവം. റോഡരികില്‍ പഴ കച്ചവടം നടത്തുകയായിരുന്ന പഴനി സ്വദേശി ജ്യോതിമണിയെ കബളിപ്പിച്ച് 5000 രൂപയാണ് യുവാവ് തട്ടിയെടുത്തത്.

ബൈക്കിലെത്തിയ യുവാവ് സ്ത്രീയോട് മാമ്പഴവും, സപ്പോട്ടയും എടുക്കാന്‍ ആവശ്യപ്പെടുകയും, 2000 രൂപക്ക് ചില്ലറ ചോദിക്കുകയും ചെയ്തു. ഈ സമയം ജ്യോതി മണി പേഴ്‌സെടുത്തു. തുടര്‍ന്ന് അതിലുണ്ടായിരുന്ന അയ്യായിരം രൂപയും തട്ടിയെടുത്ത് യുവാവ് കടന്നു കളയുകയായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ കൊല്ലത്ത് ഒരേ സ്ഥലത്ത് ലോട്ടറി കച്ചവടം നടത്തുന്ന രണ്ട് സുഹൃത്തുക്കളുടെ ലോട്ടറിയും പണവും മൊബൈല്‍ ഫോണും ഒരു മാസത്തിനിടെ മോഷണം പോയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ഉള്‍പ്പെടെ കിട്ടിയിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല.

Exit mobile version