ഇന്ധനക്ഷാമം രൂക്ഷം : പമ്പുകളില്‍ പട്ടാളത്തെ ഇറക്കി യുകെ

ലണ്ടന്‍ : ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ധനം സ്‌റ്റോക്കുള്ള പമ്പുകളില്‍ സൈന്യത്തെ കാവല്‍ നിര്‍ത്തി യുകെ സര്‍ക്കാര്‍. ഇന്ധനം കിട്ടില്ലെന്ന ഭയന്ന് ആളുകള്‍ കൂടുതല്‍ വാങ്ങി സംഭരിക്കുന്നത് തടയാനും ആള്‍ക്കൂട്ടം ഒഴിവാക്കാനുമാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

ട്രക്ക് ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ കടുത്ത ഇന്ധനക്ഷാമമാണ് യുക അനുഭവിക്കുന്നത്. ഏതാനും പമ്പുകള്‍ മാത്രമാണ് പല നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് മുന്നില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവാണ്. ലണ്ടന്‍ ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളിലടക്കം ഇന്ധനക്ഷാമമുണ്ട്. വലിയ ട്രക്കുകള്‍ക്കൊഴികെ എല്ലാ വാഹനങ്ങള്‍ക്കും പമ്പുകളില്‍ നിന്ന് പരമാവധി നല്‍കുന്ന ഇന്ധനത്തിന്റെ അളവ് 30 ലിറ്ററാക്കി കുറച്ചു. പെട്രോളിനും ഡീസലിനും 10 മുതല്‍ 20 പെന്‍സിന്റെ വരെ വര്‍ധനയുണ്ട്. ഇന്ധനക്ഷാമം ചരക്കുനീക്കത്തെ ബാധിച്ചതോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പലയിടത്തും സാധനദൗര്‍ലഭ്യവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ബ്രെക്‌സിറ്റ് നടപ്പായത് മുതല്‍ ആരംഭിച്ച ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ഡ്രൈവര്‍മാരുടെ ദൗര്‍ലഭ്യം, കോവിഡ് സാഹചര്യത്തില്‍ വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ ഒരു ലക്ഷത്തോളം എച്ച്ജിവി ഡ്രൈവര്‍മാരുടെ കുറവാണ് രാജ്യത്തുള്ളതെന്നാണ് റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റിന് പിന്നാലെ 20,000ലേറെ ഡ്രൈവര്‍മാര്‍ മടങ്ങിയെന്നാണ് കണക്ക്. 4000 മുതല്‍ 7000 പൗണ്ട് വരെയാണ് എച്ച്ജിവി ലൈസന്‍സ് സ്വന്തമാക്കാന്‍ ചെലവാകുന്ന തുക. ഇത് പലര്‍ക്കും താങ്ങാനാവുന്നില്ലെന്നും പരാതിയുണ്ട്.

ജോലി സന്നദ്ധമായ ചെറിയൊരു വിഭാഗം ഡ്രൈവര്‍മാരെ രംഗത്തിറക്കുന്നതോടെ ഇന്ധനവിതരണ ശൃംഖല സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഊര്‍ജ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Exit mobile version